ഡി ലിറ്റ് വിവാദത്തില്‍ പ്രതികരിക്കേണ്ടത് ഗവര്‍ണര്‍; വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതും വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതും ഗവര്‍ണറാണ്. അദ്ദേഹമാണ് സര്‍വ്വകലാശാല ചാന്‍സിലര്‍

Update: 2022-01-01 07:18 GMT

കൊല്ലം: ഡി.ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായെങ്കില്‍ അതില്‍ പ്രതികരിക്കേണ്ടത് ഗവര്‍ണറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍വന്നിട്ടില്ല. പുകമറ സൃഷ്ടിക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതും വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതും ഗവര്‍ണറാണ്. അദ്ദേഹമാണ് സര്‍വ്വകലാശാല ചാന്‍സിലറെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് വിഡി സതീശന്‍ തുറന്നടിച്ചു. സര്‍വ്വകലാശാല പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിത്. ഇൗ വിഷയം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഇന്നലെയാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണ്. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ തര്‍ക്കമുണ്ടെന്ന ഗവര്‍ണറുടെ വാക്കുകള്‍ ഉദ്ധരിച്ച് അവ ഈ വിഷയങ്ങള്‍ ആണോ എന്ന ചോദ്യമാണ് ചെന്നിത്തല ഉയര്‍ത്തിയത്. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് ചോദ്യങ്ങളാണ് ചെന്നിത്തല മുന്നോട്ടുവെച്ചത്.

Tags:    

Similar News