കോടിയേരിയുടെ പ്രസ്താവന: വംശഹത്യാവാദികള്‍ക്ക് മാന്യത നല്‍കുന്നതെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2021-12-04 11:36 GMT

കോട്ടയം: തലശ്ശേരിയില്‍ പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്ക് വിളിയും നമസ്‌കാരവും അനുവദിക്കില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നടത്തിയ പ്രകടനം അത്യന്തം അപകടരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അതേസമയം ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ നടത്തിയ പ്രതിഷേധത്തെ തുലനം ചെയ്ത് രണ്ടും അപകടകരമാണെന്ന കോടിയേരിയുടെ പ്രസ്താവന വംശഹത്യാവാദികള്‍ക്ക് മാന്യത നല്‍കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിന്റെ അക്രമവാഴ്ചയ്‌ക്കെതിരേ എസ്ഡിപിഐ മാത്രമായിരുന്നില്ല പ്രതിഷേധിച്ചത്. പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന ജനാധിപത്യപരമായ പ്രതിഷേധത്തില്‍ അതിന് നേതൃത്വം നല്‍കിയ എസ്ഡിപിഐക്കെതിരേ കൊടിയേരി നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയാണ്.

കുറച്ചു കാലങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ ഫാഷിസ്റ്റുകള്‍ക്ക് ഗുണകരമാകുന്നതാണ്. ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കനുകൂലമായി ഇടതു സര്‍ക്കാരിന്റെ നയപരിപാടികളില്‍ മാറ്റം വന്നിരിക്കുന്നു. പോലിസിനെ പോലും പക്ഷപാതപരമായാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് കൊലപാതകങ്ങളും അക്രമങ്ങളും ഭീഷണികളും തുടരുമ്പോഴും ഇരകളെയും വേട്ടക്കാരെയും തുലനം ചെയ്ത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നടത്തുന്ന പ്രസ്താവന പൊതുസമൂഹത്തില്‍ അക്രമികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്. ആര്‍എസ്എസ്സിന് വെള്ളവും വളവും നല്‍കുന്ന നയമാണ് ഇടതു സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ കാപട്യം അനുദിനം വെളിവാകുകയാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് സംബന്ധിച്ചു.

Tags:    

Similar News