കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലം: രണ്ടാം അങ്കത്തിന് വി ആര്‍ സുനില്‍കുമാര്‍

Update: 2021-03-09 14:15 GMT

മാള: 15 ാം നിയമസഭയിലേക്ക് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വീണ്ടും അങ്കത്തിനായി വി ആര്‍ സുനില്‍കുമാറിനെ സിപിഐ തെരഞ്ഞെടുത്തു. 14 ാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ വി ആര്‍ സുനില്‍കുമാറിന് മിന്നുന്ന വിജയം കൈവരിച്ചിരുന്നു. വീണ്ടും വികസനക്കുതിപ്പിനായി തന്നെ ജനം തെരഞ്ഞെടുത്തയക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ആര്‍ സുനില്‍കുമാര്‍.

2016 ആകെ പോള്‍ ചെയ്ത 1,47,914 വോട്ടില്‍ 67,909 വോട്ട് നേടിയാണ് നിയോജക മണ്ഡലം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്. രണ്ടാമതെത്തിയ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി ധനപാലന് 45,118 വോട്ടും എന്‍ഡിഎയിലെ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് 32,793 വോട്ടും എസ്ഡിപിഐ-എസ് പി സഖ്യത്തിന്റെ എ കെ മനാഫിന് 558 വോട്ടും ബിഎസ്പിയുടെ പി കെ സുകുമാരന് 367 വോട്ടും എസ്‌യുസിഐയുടെ സി എസ് കൃഷ്ണകുമാറിന് 200 വോട്ടും സ്വതന്ത്രന്‍മാരായ സി കെ രാധാകൃഷ്ണന് 411 വോട്ടും രാജന്‍ പൈനാട്ടിന് 210 വോട്ടും കാട്ടുകണ്ടത്തില്‍ കൃഷ്ണകുമാറിന് 125 വോട്ടും നോട്ടക്ക് 886 വോട്ടും ലഭിച്ചിരുന്നു.

ആകെ പോള്‍ ചെയ്ത 1,47,914 വോട്ടില്‍ 45.9 ശതമാനം വോട്ട് എല്‍ഡിഎഫിനും 30.5 ശതമാനം വോട്ട് യുഡിഎഫിനും 22 ശതമാനം വോട്ട് എന്‍ ഡി എ ക്കും ലഭിച്ചിരുന്നു. 671 പോസ്റ്റല്‍ വോട്ടുകളില്‍ 418 വോട്ട് എല്‍ഡിഎഫിനും 164 വോട്ട് യുഡിഎഫിനും 78 വോട്ട് എന്‍ഡിഎക്കും മൂന്ന് വോട്ട് നോട്ടക്കും ലഭിച്ചപ്പോള്‍ എട്ട് വോട്ടുകള്‍ അസാധുവായി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ വി ആര്‍ സുനില്‍കുമാര്‍ മുന്നേറ്റം നടത്തിയിരുന്നു. വോട്ടെണ്ണല്‍ പകുതി കഴിഞ്ഞപ്പോള്‍ മുന്നിട്ടുനിന്ന വോട്ടില്‍ അല്‍പ്പം കുറവ് വന്നെങ്കിലും അടുത്ത റൗണ്ടില്‍ അതിനെ മറികടന്നുള്ള മുന്നേറ്റമായിരുന്നു നടത്തിയത്. കൊടുങ്ങല്ലൂര്‍ മുനിസ്സിപ്പാലിറ്റിയിലും വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ, മാള, പൊയ്യ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് വ്യക്തമായ മേല്‍കൈ നേടി.

അന്നമനട ഗ്രാമപഞ്ചായത്തില്‍ 135 വോട്ടിനും കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ 153 വോട്ടിനും യുഡിഎഫ് മുന്നിട്ടു നിന്നിരുന്നു. 1997ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാള നിയോജക മണ്ഡലത്തില്‍ വി കെ രാജനോട് പരാജയപ്പെട്ട കെ പി ധനപാലന്‍ 2016ല്‍ വി കെ രാജന്റെ മകനായ വി ആര്‍ സുനില്‍കുമാറിനോടും ദയനീയമായി പരാജയപ്പെടുകയായിരുന്നു. അന്ന് വി കെ രാജനോട് 3500ല്‍പ്പരം വോട്ടിനാണ് പരാജയപ്പെട്ടതെങ്കില്‍ മകനോട് പരാജയം ഏറ്റു വാങ്ങിയത് 22,537 വോട്ടിനാണ്.

പിതാവ് വി കെ രാജന്റെ പാത പിന്‍തുടര്‍ന്ന് ജനകീയനായ എം എല്‍ എയായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നിറഞ്ഞ് നിന്നിരുന്ന സുനില്‍കുമാറിനെ 2016 നേക്കാള്‍ ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കുമെന്നാണ് പാര്‍ട്ടിക്കാരല്ലാത്തവര്‍ പോലും പറയുന്നത്. കൂടാതെ സമഗ്ര മേഖലകളിലും വികസനമെത്തിച്ച സര്‍ക്കാരിന്റെ പ്രതിഛായയും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ആരോഗ്യം, വിദ്യഭ്യാസം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലേക്കും 600 കോടിയോളം രൂപയുടെ വികസനമെത്തിച്ചെന്നാണ് എംഎല്‍എയുടെ അവകാശവാദം. മുസിരിസ് പൈതൃകപദ്ധതി കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാനായി. മാളച്ചാല്‍-കോട്ടപ്പുറം ജലപാതക്കുള്ള പദ്ധതിയും മാളക്കടവില്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നതും നടപ്പിലാക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് എംഎല്‍എ.

അതേസമയം മണ്ഡലം തിയിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും തയ്യാറെടുക്കുകയാണ്. മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന്‍, സി എസ് ശ്രീനിവാസന്‍ തുടങ്ങി അഞ്ച് പേരുടെ ലിസ്റ്റാണ് ഇവിടെനിന്നും പോയിട്ടുള്ളത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികളായി സെന്‍കുമാര്‍, എ ആര്‍ ശ്രീകുമാര്‍, ബിഡിജെഎസ്സിനാണ് സീറ്റെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരിലാരെങ്കിലുമാകും സ്ഥാനാര്‍ത്ഥി.

Tags:    

Similar News