കൊടുങ്ങല്ലൂര്‍: നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ ഭൗമവിവര നഗരസഭയാകാന്‍ കൊടുങ്ങല്ലൂര്‍. വികസന പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക പ്രക്രിയായ വിവരശേഖരണത്തിലൂടെ നഗരസഭയിലെ മുഴുവന്‍ വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, മറ്റു കെട്ടിടങ്ങള്‍, ജലസ്രോതസ്സുകള്‍. ജനസംഖ്യാ വിവരങ്ങള്‍, തെരുവ് വിളക്കുകള്‍, ആസ്തികള്‍, റോഡുകള്‍, കാര്‍ഷിക വിവരങ്ങള്‍, മാലിന്യ സംസ്‌കരണം, സമ്പൂര്‍ണ്ണ ഭൂവിനിയോഗം,
കെട്ടിടങ്ങളുടെ നികുതി, വിസ്തീര്‍ണ്ണം പ്രദേശത്തിന്റെ നിമ്‌നോന്നതകള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ജിയോഗ്രാഫിക് ഇന്‍ഫോര്‍മേഷന്‍ മുഖേന ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതാണ് പദ്ധതി.
നഗരസഭയുടെ അഭിമാന പദ്ധതിയായ ജിയോ ഇന്‍ഫര്‍മാറ്റിക് മുനിസിപ്പാലിറ്റി യായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകുന്നേരം 3.30ന് പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കൊടുങ്ങല്ലൂര്‍ നഗരസഭ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
ഭൗമവിവര ശേഖരണത്തിന്റെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ നിര്‍മ്മിതികളും കെട്ടിട നമ്പര്‍ അടിസ്ഥാനത്തില്‍
കെട്ടിടത്തിന്റെ ഫോട്ടോ സഹിതം മാപ്പിംഗ് ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനസംഖ്യയെ കെട്ടിട അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തും.
കൂടാതെ മുഴുവന്‍ റോഡുകളുടെയും സര്‍വ്വേ പൂര്‍ത്തിയാക്കിയതിനാല്‍ ഓരോ റോഡുകളെയും പെട്ടെന്ന് വിശകലനം ചെയ്യാനും അതിന്റെ അവസ്ഥ മനസ്സിലാക്കി മികച്ച പദ്ധതിക്ക് രൂപം നല്‍കാനും സാധിക്കും. കലുങ്കുകള്‍, പാലം എന്നിവയുടെ മാപ്പിങ്ങും ഇതോടൊപ്പം
ചെയ്തിട്ടുണ്ട് ഡോണ്‍, ഡി.ജി.പി.എസ്, ജി.പി.എസ് എന്നിവയുടെ സാങ്കേതിക സഹായത്താല്‍ നഗരത്തിലെ കെട്ടിടങ്ങള്‍, ജലം, ജൈവ സമ്പത്ത്, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവയുടെ ഫോട്ടോ ഉള്‍പ്പെടെ വിവരശേഖരണവും ഭൂപടങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. നഗരസഭയുടെ പ്ലാനിങ് ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.