ആയിരത്തിലധികം പേജുകൾ, ലക്ഷ്യം സാമ്പത്തിക നേട്ടം; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

Update: 2024-02-08 08:35 GMT

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ മൂന്ന് പ്രതികള്‍ മാത്രമാണുള്ളത്. ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം. തട്ടിക്കൊണ്ടു പോവലിന് പിന്നിലെ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ പദ്ധതിയിട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിനിമാ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലുണ്ടായതെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഓയൂരില്‍ നിന്ന് രക്ഷപ്പെടാനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നു. കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കിയും വിപുലമായി ആസൂത്രണം ചെയ്തുമാണ് തട്ടിക്കൊണ്ടുപോവല്‍ നടത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

Tags:    

Similar News