കൊല്ലം കുംഭാവുരുട്ടിയില്‍ മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു

Update: 2022-07-31 14:39 GMT

കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. മൃതദേഹം തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒഴുക്കില്‍പ്പെട്ട കിഷോര്‍ എന്ന ആളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ഞായറാഴ്ച വൈകീട്ട് നാലേകാലോടെയായിരുന്നു സംഭവം. വനത്തില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് സൂചന.

ചെങ്കോട്ട അച്ഛന്‍കോവിലില്‍ നാലുകിലോമീറ്റര്‍ ഉള്‍വനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടമുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ കൂടുതലായെത്തുന്ന ഇവിടെ അവധിദിവസമായ ഇന്ന് നല്ല തെരക്കായിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ടത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 25ഓളം പേര്‍ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു.

പിന്നീട് അച്ചന്‍കോവില്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസമാണ് വെള്ളച്ചാട്ടം തുറന്നുനല്‍കിയത്. ഇതോടെ തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടം അടച്ചതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News