വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി കൊല്ലം ലത്തീന്‍ രൂപത
സര്‍ക്കാരിന്റെ ഇടപെടലില്‍ വിശ്വാസമില്ലെന്ന് ബിഷപ് പോള്‍ ആന്റണി
തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരേയുള്ള മത്സ്യത്തൊഴിലാളികളുടെ ഉപരോധത്തിന് ഐക്യദാര്‍ഢ്യവുമായി കൊല്ലം ലത്തീന്‍ അതിരൂപത. ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ദീപം തെളിച്ച് പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ ഇടപെടലില്‍ വിശ്വാസമില്ലെന്ന് ബിഷപ് പോള്‍ ആന്റണി പ്രതികരിച്ചു. മുമ്പുണ്ടായിരുന്ന ഇടപെടലില്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ മാറ്റി നിര്‍ത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വല്ലാര്‍പാടം ടെര്‍മിനലിന്റെ കാര്യത്തിലും പ്രളയസമയത്തും മത്സ്യത്തൊഴിലാളികളോട് വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ എല്ലാം കഴിഞ്ഞു യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും കൊല്ലത്തേത് സൂചന സമരം മാത്രമാണെന്നും ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി വിശദീകരിച്ചു.
പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി വിഴിഞ്ഞം തുറമുഖ കവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു. ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും പ്രതിഷേധസൂചകമായി കരിങ്കൊടി ഉയര്‍ത്തി. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാര്‍ അനുനയത്തിന് തയാറായിട്ടില്ല. പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുന്നതെന്ന തുറമുഖ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നു.
രാവിലെ ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി നാട്ടി. പിന്നാലെ മുല്ലൂരിലുള്ള തുറമുഖ കവാടത്തിലേക്ക് ഇടവകകളില്‍ നിന്ന് പ്രതിഷേധക്കാര്‍ ഇരച്ചെത്തി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, മുതലപൊഴി പോലെയുള്ള അപടകമേഖകളില്‍ പരിഹാരം കണ്ടെത്തുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധ സമരം.