മംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ മംഗളുരു നഗരത്തിനു സമീപം പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആണ് സംഭവം. ഇതോടെ ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താളം തെറ്റി.മംഗളൂരുവില്‍ നിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍, 22636 നമ്പര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനില്‍ എത്തിയ ശേഷം യാത്ര റദ്ദാക്കി തിരികെ വന്നു.
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മല്‍സ്യഗന്ധ എക്സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. ഗോവ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് റദ്ദാക്കി.അടിയന്തിര പ്രവൃത്തി നടത്തി വഴിയില്‍ കുടുങ്ങി കിടക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മണ്ണു നീക്കലും അറ്റകുറ്റപ്പണിയും രാത്രിയോടെ പൂര്‍ത്തിയാക്കി തീവണ്ടി സര്‍വീസ് പുനരാരംഭിക്കാനാണു നീക്കം.