കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 14,821 രോഗികള്‍; 445 മരണം; രോഗബാധിതര്‍ 4.25 ലക്ഷം കടന്നു
ഗോവയില്‍ ഇന്ന് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 445 മരണം റിപോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു. ഇതില്‍ 1,74,287 പേര്‍ ചികില്‍സയില്‍ തുടരുന്നു. 2,37,196 പേര്‍ രോഗമുക്തരായി. 13,699 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗോവയില്‍ ഇന്ന് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 1.32 ലക്ഷം കടന്നു. പുതുതായി 3,870 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 60,147 പേരാണ് ചികില്‍സയിലുളളത്.
തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 2,532 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 1,493 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 757 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. തലസ്ഥാനമായ ചെന്നൈയില്‍ മാത്രം 41,172 രോഗികളാണുളളത്. ഗുജറാത്തില്‍ 580 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 27,317 ആയി. ഇതുവരെ 1,664 പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ 3,000 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 59,746 ആയി ഉയര്‍ന്നു. 2,175 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.