ഇന്ത്യന്‍ ആരോഗ്യമേഖലയുടെ അനാരോഗ്യം വെളിപ്പെടുത്തി കൊവിഡ് മഹാമാരി

Update: 2021-11-09 10:42 GMT

ഇന്ത്യന്‍ ആരോഗ്യമേഖലയുടെ പ്രതിസന്ധി ഏറ്റവും ശക്തമായി നമ്മെ ബോധ്യപ്പെടുത്തിയത് കൊവിഡ് വ്യാപന കാലമാണ്. ഒരു നഗരത്തിലെയോ ജില്ലയിലെയോ ആശുപത്രികളില്‍ അനുഭവപ്പെട്ട ചെറിയ സമ്മര്‍ദ്ദം പോലും ആരോഗ്യരംഗം താറുമാറാക്കി. ആശുപത്രികള്‍ക്കു മുന്നില്‍ നിസ്സഹായരായിരിക്കുന്ന രോഗികളുടെ ചിത്രങ്ങള്‍ അക്കാലത്ത് എല്ലാ ദിനപത്രങ്ങളുടെയും മുന്‍പേജില്‍ സ്ഥാനംപിടിച്ചത് ആരും മറക്കാന്‍ സാധ്യതയില്ല. 

ഒരു ഭാഗത്ത് നഗരകേന്ദ്രീകൃതമായ ആരോഗ്യ സംവിധാനവും മറുഭാഗത്ത് സമ്പന്നര്‍ക്ക് മാത്രം എത്തിപ്പിടിക്കാവുന്ന സൗകര്യങ്ങളും ഒക്കെ കൊവിഡ് പ്രതിസന്ധി പുറത്തുകൊണ്ടുവന്നു. രണ്ടാം തരംഗം ആരോഗ്യമേഖലയുടെ ദൗര്‍ബല്യങ്ങള്‍ ഒന്നുകൂടെ വെളിപ്പെടുത്തി. ഇന്ത്യന്‍ ആരോഗ്യരംഗത്തെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അതിനനുസരിച്ച് ആസൂത്രണം ചെയ്യുന്നതിനുമുള്ള അവസരമാണ് ഇത് നല്‍കിയിരിക്കുന്നത്. ഭരണാധികാരികളും ആരോഗ്യവിദഗ്ധരും പൊതുസമൂഹവും ഇക്കാര്യം ഗൗരവമായി എടുക്കേണ്ടതുണ്ട്. ഒരുപക്ഷേ, കൊവിഡ് മഹാമാരി നല്‍കിയ ഏക 'ഗുണഫലം' അതായിരിക്കും. ഇക്കാര്യത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നവയില്‍ പ്രധാനമാണ് ഇന്‍ഷുറന്‍സ് അധിഷ്ഠിതമായ ആരോഗ്യരംഗം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 10,000 പേര്‍ക്ക് 5 ആശുപത്രിക്കിടക്കകളും 8.6 ഡോക്ടര്‍മാരും മാത്രമാണ് ഉള്ളത്. ഒരുപക്ഷേ, ലോകത്തെത്തന്നെ ഏറ്റവും ശോചനീയമായ ആരോഗ്യമേഖല ഇന്ത്യയുടേതായിരിക്കും. പല നഗരങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും അത് എത്തിപ്പിടിക്കാവുന്നവരുടെ എണ്ണം തുലോം കുറവാണ്. എല്ലാ പ്രതിസന്ധിയും മറികടന്ന് ഏതെങ്കിലും ഒരു കുടുംബം ആശുപത്രികളില്‍ ചികില്‍സ തേടേണ്ടിവന്നാല്‍ അതോടെ അവസാനിക്കും അവരുടെ സാമ്പത്തിക സുരക്ഷിതത്വം. സാമ്പത്തിക സമ്മദ്ദവും ആരോഗ്യച്ചെലവും തമ്മിലുള്ള അനുപാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന രാജ്യം ഇന്ത്യയാണ്. രാജ്യത്തെ 37 ശതമാനം കുടുംബങ്ങള്‍ക്കും ആരോഗ്യമേഖല കിട്ടാക്കനിയാണ്.

ഈ പ്രതിസന്ധിക്ക് പല രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്ന പ്രതിവിധിയാണ് ഇന്‍ഷുറന്‍സ്. ഇക്കാര്യത്തിലും ഇന്ത്യ പിന്നിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനങ്ങളുണ്ട്. പിഎംജെഎവൈ, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം, പിഎംജെജെബിവൈ, പിഎംഎസ്ബിവൈ പോലുള്ളവ. രാജ്യത്താകമാനം പരിശോധിക്കുമ്പോള്‍ ഇവയുടെ കവറേജ് കൂടിയിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രദേശങ്ങളിലേക്ക് അരിച്ചിറങ്ങുന്നതില്‍ ഇപ്പോഴും പിന്നിലാണ്. ആകെ നാല് ശതമാനം ജനങ്ങളിലേക്ക് മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം എത്തിയിട്ടുള്ളൂവെന്നാണ് ഒരു കണക്ക്.

കമ്പനികളുടെ സുതാര്യതയുടെ കുറവ്, ബില്ല് തുക തിരികെക്കിട്ടുന്നതിലുള്ള ബുദ്ധിമുട്ട്, അവബോധത്തിന്റെ കുറവ് തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പറയാന്‍ കാണും. ഇത് വ്യാപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. തീര്‍ച്ചയായും പൊതു ആരോഗ്യസംവിധാനങ്ങളുടെ ചെലവിലായിരിക്കരുത് ഇതെന്നത് ഓര്‍മയില്‍ വെക്കണമെന്നുമാത്രം.

ഇന്‍ഷുറന്‍സിനു പുറമെ ഒരു സമൂഹത്തില്‍ അവശ്യം നടപ്പാക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഇപ്പോഴും വളരെ പിന്നിലാണ്. പല സസ്ഥാനങ്ങളും ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലതിനും തുടര്‍ച്ചയില്ല. ക്ഷയരോഗ നിവാരണം മുതല്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വരെ ഈ സംവിധാനത്തിലാണ് ഓടുന്നത്.

ഒറ്റ പ്രീമിയത്തിലൂടെ പണം ഈടാക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ഇത് പക്ഷേ, ബഹുഭൂരിപക്ഷം പേര്‍ക്കും എത്തിപ്പിടിക്കാവുന്നതല്ല. പ്രത്യേകിച്ച് കൂലിപ്പണിക്കാര്‍, കര്‍ഷകര്‍, കൃത്യമായ വരുമാനമില്ലാത്തവര്‍ എന്നിവര്‍ക്ക്. അവരെക്കൂടി ഉള്‍പ്പെടുത്തുന്ന ഒരു സംവിധാനമുണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് സംവിധാനത്തിനുള്ളിലേക്ക് കൊണ്ടുവരാനാവൂ. ആ സംവിധാനങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുകയും വേണം.

ടെലി -മെഡിസിന്‍ സര്‍വീസുകളിലും രാജ്യം പിന്നിലാണ്. കൊവിഡ് കാലത്ത് ടെലി മെഡിസിന്‍ കുറേയേറെ ജനങ്ങള്‍ക്ക് പരിചിതമായെങ്കിലും കൊവിഡ് വ്യാപനം കുറഞ്ഞതോടെ അത് ജനങ്ങള്‍ തന്നെ ഉപേക്ഷിച്ചു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലൂടെ മാത്രമേ അത് ഒരു പരിധിവരെയെങ്കിലും തിരികെയെത്തിക്കാന്‍ പറ്റൂ.

Similar News