കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് പ്രതിപക്ഷം; നിര്‍മാണം ആരംഭിച്ചത് യുഡിഎഫ് കാലത്തെന്ന് മന്ത്രി
തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം സംഘത്തെ നിയോഗിച്ചിരിക്കുകയാണെന്നും വായ്മൂടിക്കെട്ടാന്‍ ആരും ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ടി സിദ്ദീഖാണ് നോട്ടീസ് നല്‍കിയത്. നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ട്. ലീസ് കരാറിലും പിഴവുണ്ട്. പ്രശ്‌നത്തെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തരപ്രമേയനോട്ടീസ് നല്‍കിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്നും നിര്‍മാണം ആരംഭിക്കുകയും ചെയ്തതെന്ന് മന്ത്രി പറഞ്ഞു. 54 കോടി രൂപയാണ് അടങ്കല്‍ തുക. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 75 കോടി രൂപയായി അത് വര്‍ധിച്ചു. പ്രതിമാസം 72 ലക്ഷം രൂപയ്ക്കാണ് ലീസ് നല്‍കിയതെന്നും ഇത് കുറവല്ല. കെട്ടിടനിര്‍മാണം മറ്റൊരു പാലാരിവട്ടം പാലമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ വിലയാണ് മന്ത്രി ഇതുമായി താരതമ്യം ചെയ്തത്. 2018ല്‍ തന്നെ അടിത്തറയിലെ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും അന്ന് തന്നെ അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാസമാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന പഠനം പുറത്തുവന്നത്.
അതേസമയം, ഇതുസംബന്ധിച്ച നടന്ന ചര്‍ച്ചക്കിടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെതിരേ വിഡി സതീശന്‍ വിമര്‍ശനമുയര്‍ത്തി. തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം സംഘത്തെ നിയോഗിച്ചിരിക്കുകയാണെന്നും വായ്മൂടിക്കെട്ടാന്‍ നോക്കേണ്ടന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടി അടിമുടി ദുരൂഹമാണെന്നും വിഡി സതീശന്‍ പറഞ്ഞു.