കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി; കാലിന് ഇടേണ്ട വലിയ കമ്പി കൈയില്‍ ഇട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയില്‍ ഇട്ടത്.
പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്ന് കുടുംബം പറഞ്ഞു. വാഹനപകടത്തില്‍ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷന്‍ നടത്തിയത്. തുടര്‍ന്ന് എക്സ് റേ പരിശോധിച്ചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലിസില്‍ അജിത്തിന്റെ കുടുംബം പരാതി നല്‍കി.
കൈയിലെ കമ്പി പുറത്തേക്ക് തള്ളി നില്‍ക്കുകയാണെന്നാണ് ഡോക്ടര്‍ അജിത്തിനോട് പറഞ്ഞത്. അതെന്താ അങ്ങനെയെന്നും നോക്കിയിട്ട് വേണ്ടെ ശസ്ത്രക്രിയ നടത്താന്‍ എന്നും അജിത്ത് ഡോക്ടറോട് ചോദിച്ചു. കഴിഞ്ഞദിവസം ഒരു കുട്ടിക്ക് അപകടം വരുത്തിയില്ലെയെന്ന് എന്ന് പറഞ്ഞപ്പോള്‍ അത് നീ നോക്കണ്ട നീ നിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞെന്ന് അജിത്തിന്റെ മാതാവ് പറഞ്ഞു. അജിത്തിന് ഇപ്പോഴും ശസ്ത്രക്രിയ നടത്തിയിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് വാര്‍ഡില്‍ തുടരുകയാണ്. ഇന്ന് ഓപ്പറേഷന്‍ നടത്താമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു.