കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമം; മുഖ്യപ്രതി ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കീഴിലെ നടുവണ്ണൂര്‍ വെയര്‍ഹൗസിലെ പായ്ക്കിങ് വിഭാഗത്തിലായിരുന്നു അരുണിന്റെ ജോലി. എന്നാല്‍, മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം.
കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യേപക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. അതിനിടെയാണ് പ്രധാന പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലിചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമപ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനി ആരോഗ്യവകുപ്പിനു കീഴില്‍ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയെന്ന കാര്യമാണ് പുറത്തുവന്നത്.