കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരോട് കഥ പറഞ്ഞ് ഓട്ടോയില്‍ കറങ്ങുന്ന മാവേലി, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഉപ്പിലിട്ടതും ഐസൊരുതിയും വില്‍ക്കുന്ന ഉന്തുവണ്ടി, തൊട്ടടുത്തായി ഇതു സസൂക്ഷ്മം വീക്ഷിക്കുന്ന പുലിക്കളിരൂപം കോഴിക്കോട് ബീച്ചിലെ ഓണാഘോഷ സംഘാടകസമിതിയുടെ ചുമരുകളില്‍ നിറഞ്ഞ ഓണക്കാഴ്ചകളാണിത്.
ഡി.ടി.പി.സി യും പ്രൊവിഡന്‍സ് വുമണ്‍സ് കോളേജിലെ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വകുപ്പും സംയുക്തമായാണ് ചുമരില്‍ വര്‍ണ്ണച്ചിത്രങ്ങള്‍ ഒരുക്കിയത്. ജില്ലയിലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ടൂറിസം ക്ലബ് അംഗങ്ങളായ 32 വിദ്യാര്‍ത്ഥികളാണ് ചായക്കൂട്ടുകളുമായി ബീച്ചിലെത്തിയത്.
ഓണാഘോഷത്തിന്റെ പ്രചരണാര്‍ത്ഥമാണ് ബീച്ചില്‍ ചുമര്‍ച്ചിത്രമൊരുക്കിയത്. ബീച്ചിലെത്തുന്ന മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ കൗതുകത്തോടെ ചുമരിലെ ചിത്രം വീക്ഷിക്കുന്നതു കാണാം. കോഴിക്കോടിന്റെ തനതു പ്രത്യേകതകളും, ഒപ്പം പരമ്പരാഗത ഓണാഘോഷവും സമന്വയിപ്പിച്ചാണ് ചുമരില്‍ വര്‍ണ്ണച്ചിത്രം ഒരുക്കിയത്.
വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ ചിത്രമാണ് ബീച്ചിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്. വര്‍ണ്ണാഭമായ ഓണപ്പൂക്കളവും ഓണത്തിന്റെ മാറ്റുകൂട്ടുന്ന വള്ളംകളിയും കഥകളിയും തിരുവാതിരയുമെല്ലാം ചുമരില്‍ കാണാം. കോഴിക്കോട് ബീച്ചിലെ കടല്‍ പാലവും മാനാഞ്ചിറയും ഫറോക്ക് പഴയ ഇരുമ്പു പാലവും ഇവിടെ വരച്ചിട്ടുണ്ട്. കോഴിക്കോടിന്റെ പൈതൃകവും ചരിത്രപരമായ പ്രത്യേകതകളും വിളിച്ചോതുന്ന ചുമര്‍ച്ചിത്രം കാണാന്‍ ബീച്ചിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.