കോഴിക്കോട് ജില്ലയില്‍ രണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് രണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.
ആദ്യത്തെയാള്‍ മെയ് 17 ന് വിമാനമാര്‍ഗ്ഗം അബുദാബിയില്‍ നിന്ന് കരിപ്പൂരില്‍ എത്തുകയും സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. മെയ് 25 ന് സ്രവപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികില്‍സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ വ്യക്തി മെയ് 20 നിന്ന് റിയാദില്‍ നിന്ന് കരിപ്പൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 25 ന് കൊവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തുകയും ഇന്ന് ഫലം നെഗറ്റീവാകുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ കൊവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 52 ആയി. 25 പേര് രോഗമുക്തരായി. 27 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 14 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 8 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര് കണ്ണൂരിലും ചികില്‍സയിലാണ്. ഇതുകൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും 1 തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എംവിആര്‍ ക്യാന്‍സര്‍ സെന്ററിലും പോസിറ്റീവായി ചികില്‍സയിലുണ്ട്. ഇന്ന് 260 സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4103 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3851 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3784 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 252 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.