കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍
തൃപ്പൂണിത്തുറ; ഇന്നലെ രാത്രി അന്തരിച്ച പ്രശസ്ത സിനിമാ നാടക നടി കെപിഎസി ലളിതയുടെ സംസ്‌കാരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ രാത്രി മകന്‍ സിദ്ധാര്‍ത്ഥിന്റെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചാണ് ലളിത അന്തരിച്ചത്.
സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി തൃപ്പൂണിത്തുറയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നുണ്ട്. ഉച്ചയോടെ തൃശൂരില്‍ എത്തിച്ച് നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
5 മണിയോടെയാണ് വടക്കാഞ്ചേരിയിലെ വീട്ടില്‍ സംസ്‌കാരച്ചടങ്ങ് നടക്കുക.
1947 ഫെബ്രുവരിയില്‍ രാമപുരത്താണ് ലളിത ജനിച്ചത്. പിന്നീട് കെപിഎസിയിലൂടെ നാടകരംഗത്തെത്തി. അവിടെനിന്നാണ് സിനിമയിലേക്ക് ചുവടുമാറുന്നത്.
മലയാള സിനിമയിലെ പഴയതും പുതിയതുമായ തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള അപൂര്‍വം അഭിനേതാക്കളിലൊരാളാണ് കെപിഎസി ലളിത. പ്രശസ്ത നടന്‍ ഭരതനെയാണ് വിവാഹം കഴിച്ചത്.
1969ല്‍ പുറത്തുവന്ന കൂട്ടുകുടുംബം ആദ്യ ചിത്രം. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു തവണ ദേശീയ പുരസ്‌കാരവും അഞ്ച് തവണ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.