'' പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരീക്ഷണം വൈദ്യുതി മോഷണം കണ്ടെത്താന്‍ സഹായിച്ചു; വൈദ്യുതി മോഷണ നിരീക്ഷണം ക്ഷേത്രം കണ്ടെത്താന്‍ സഹായിച്ചു......'' സംഭലില്‍ ജില്ലാ ഭരണകൂടം വീടുകള്‍ പൊളിക്കുന്നു

Update: 2024-12-15 09:30 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദ് പരിസരത്ത് ചട്ട ലംഘനങ്ങള്‍ ആരോപിച്ച് നിരവധി വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നും മറ്റും ആരോപിച്ച് നിയമപരമായ നോട്ടീസ് പോലും നല്‍കാതെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുന്നത്. ഓടകളുടെ മുകളില്‍ വീടുകളും കടകളും നിര്‍മിച്ചുവെന്നാണ് ആരോപണം.

നഖാസ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ജില്ലാഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതെന്ന് എഎസ്പി ശ്രീശ് ചന്ദ്ര പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവും എംപിയുമായ സിയാവുര്‍ റഹ്മാന്റെ വീടിന് സമീപത്താണ് നടപടികള്‍ പുരോഗമിക്കുന്നത്. വീടുകയറി പരിശോധനയില്‍ ഹാജി റബ്ബാന്‍ എന്നയാളുടെ വീട്ടില്‍ നിന്നും 25 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തെന്നും എഎസ്പി പറഞ്ഞു. എന്നാല്‍, മകളുടെ വിവാഹത്തിന് കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകളാണ് പോലിസ് പിടിച്ചെടുത്തതെന്ന് ഹാജി റബ്ബാന്‍ പറഞ്ഞു. അവ തിരിച്ചു നല്‍കണമെന്നും അല്ലെങ്കില്‍ വിവാഹത്തെ ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രദേശത്ത് വൈദ്യുതി മോഷണം നടക്കുന്നുവെന്ന് ആരോപിച്ച് ഇലക്ട്രിസിറ്റി വകുപ്പും പരിശോധന നടത്തുന്നുണ്ട്. നാലു പള്ളികളും ഒരു മദ്‌റസയും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചെന്ന് കണ്ടെത്തിയതായി ഇലക്ട്രിസിറ്റി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നവീന്‍ ഗൗതം ആരോപിച്ചു. 1.25 കോടി രൂപ വിലവരുന്ന 1.30 കിലോവാട്ട് വൈദ്യുതി മോഷ്ടിച്ചെന്നാണ് ആരോപണം. ഈ സംഭവങ്ങളില്‍ 49 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് നടത്തിയ വിവാദ സര്‍വേക്കെതിരേ പ്രതിഷേധിച്ച ജനക്കൂട്ടത്തിലെ ആറു മുസ്‌ലിം യുവാക്കളെ നവംബര്‍ 24ന് പോലിസ് വെടിവച്ചു കൊന്നിരുന്നു. വിഷയം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായതോടെ പ്രദേശത്തേക്ക് പുറപ്പെട്ട സമാജ് വാദി, കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളെ പോലിസ് തടഞ്ഞിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയേയും യുപിയില്‍ കടക്കാന്‍ പോലും പോലിസ് അനുവദിച്ചില്ല.

അതിനിടെയിലാണ് മസ്ജിദിന് സമീപമുള്ള പ്രദേശങ്ങളില്‍ ജില്ലാഭരണകൂടവും പോലിസും പലതരം പരിശോധനകള്‍ നടത്തുന്നത്. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ അമിത ശബ്ദമുണ്ടാക്കുന്നു, വൈദ്യുതി മോഷ്ടിക്കുന്നു, സര്‍ക്കാര്‍ സ്ഥലം കൈയ്യേറുന്നു എന്നീ മൂന്നു ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പള്ളിയിലെ ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ടിരുന്നു. ലൗഡ് സ്പീക്കറില്‍ നിന്നും കൂടുതല്‍ ശബ്ദം വന്നെന്ന് ആരോപിച്ചായിരുന്നു അറസ്റ്റും പിഴയും.

പള്ളികളിലെ ലൗഡ്‌സ്പീക്കറുകളെ നിരീക്ഷിക്കുമ്പോഴായിരുന്നു വൈദ്യുതി മോഷണം ശ്രദ്ധയില്‍ പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. സംഭല്‍ പ്രദേശത്ത് പ്രതിവര്‍ഷം 300 കോടി രൂപയുടെ വൈദ്യുതി മോഷണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ വരെ 1,250 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, പ്രദേശത്ത് ഭസ്മ ശങ്കര്‍ ക്ഷേത്രം വീണ്ടും തുറന്നു. 1978ലെ മുസ്‌ലിം അതിക്രമത്തെ തുടര്‍ന്ന് പൂട്ടിയ ക്ഷേത്രമാണ് ഇതെന്ന് ഹിന്ദുത്വര്‍ പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയയുടെ നിര്‍ദേശ പ്രകാരം വൈദ്യുതി മോഷണം അന്വേഷിക്കുന്നതിനിടയില്‍ സബ് ഡിവിഷണല്‍ മജിസ്ട്രറ്റ് വന്ദന ശര്‍മയാണ് ഈ ക്ഷേത്രം കണ്ടെത്തിയതത്രെ. തുടര്‍ന്ന് ജില്ലാഭരണകൂടത്തെ അറിയിച്ച് ക്ഷേത്രം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നു. നിരവധി പേര്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് എത്തുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

ലൗഡ് സ്പീക്കര്‍ പ്രശ്‌നവും സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റവും വൈദ്യുതി മോഷണവും ഒരുമിച്ചു പരിഹരിക്കാനാണ്‌ ശ്രമമെന്ന് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. നവംബര്‍ 24ന് ആറു പേരെ വെടിവച്ചു കൊന്ന സംഭവങ്ങളില്‍ രാജേന്ദ്ര പെന്‍സിയക്കും വന്ദന മിശ്രക്കും പങ്കുണ്ടെന്നാണ് ഇരകള്‍ പറയുന്നത്. സ്ത്രീയായ ഉദ്യോഗസ്ഥയാണ് പ്രശനം തുടങ്ങിയതെന്നാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. എസ്ഡിഎം വന്ദന മിശ്ര മാത്രമേ ആ സമയത്ത് അവിടെയുണ്ടായിരുന്നുള്ളൂ. ബംഗളൂരുവില്‍ നടന്ന മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന എംപി സിയാവുര്‍ റഹ്മാനെയും പോലിസ് സംഘര്‍ഷ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.


Similar News