നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ നിന്ന് കെഎസ്ഇബി 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കമ്പനിയായ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുളള കരാര്‍ കെഎസ്ഇബി ഒപ്പിട്ടു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ കെഎസ്ഇബിക്ക് വേണ്ടി ഡയറക്ടര്‍ ജനറേഷന്‍ (ഇലക്ട്രിക്കല്‍) സിജി ജോസും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന് വേണ്ടി ഡയറക്ടര്‍ (പവര്‍) ഷാജി ജോണുമാണ് കരാറില്‍ ഒപ്പുവച്ചത്. തുടര്‍ന്ന് കെഎസ്ഇബി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ഡോ.രാജന്‍ എന്‍ ഖോബ്രാഗഡെ ഐഎഎസ്, നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ രാകേഷ് കുമാര്‍ എന്നിവര്‍ കരാര്‍ പരസ്പരം കൈമാറി.
ഒഡീഷയിലെ തലാബിരയില്‍ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ നിര്‍മിക്കുന്ന താപനിലയത്തില്‍ നിന്നായിരിക്കും വൈദ്യുതി ലഭ്യമാക്കുക. ഇതൊരു 'പിറ്റ് ഹെഡ്' നിലയമായതിനാല്‍ വൈദ്യുതി നിരക്ക് താരതമ്യേന കുറവായിരിക്കും. ഒരു ബേസ് ലോഡ് നിലയമായും ഇതിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. കരാറില്‍ ഏര്‍പ്പെടുന്നതിന് കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 2022 ആഗസ്ത് 31ന് അംഗീകാരം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇബിയുടെയും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെയും ഡയറക്ടര്‍മാരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.