കെഎസ്ഇബി പ്രവര്‍ത്തിച്ചത് പാര്‍ട്ടി ഓഫിസ് പോലെ, ട്രാന്‍സ്ഗ്രിഡ് അഴിമതി വ്യക്തമായി; ക്രമക്കേടില്‍ അന്വേഷണം വേണമെന്നും വിഡി സതീശന്‍

മൂന്നാറില്‍ സഹകരണ സംഘത്തിന് കൈമാറിയ കെഎസ്ഇബി ഭൂമിയില്‍ നിയമ വിരുദ്ധ നിര്‍മ്മാണം നടത്തി

Update: 2022-02-16 07:15 GMT

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ക്രമക്കേട് കെഎസ്ഇബി ചെയര്‍മാന്‍ തന്നെ ഉന്നയിച്ച സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടെന്‍ഡര്‍ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചോര്‍ത്തി കൊടുക്കുന്നുവെന്ന് ചെയര്‍മാന്‍ തന്നെ പറയുന്നു. വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അഴിമതി മൂലമുണ്ടാകുന്ന നഷ്ടം വൈദ്യുതി ചാര്‍ജ് കൂട്ടി ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നു.

വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി ചെയര്‍മാന്‍ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. എല്ലാം തള്ളിയത് പഴയ മന്ത്രിയാണ്. ട്രാന്‍സ്ഗ്രിഡ് അഴിമതി ഉന്നയിച്ചപ്പോഴും ഇങ്ങനെയാണ് മറുപടി നല്‍കിയത്. പുതിയ മന്ത്രി കൃഷ്ണന്‍കുട്ടിയെ എംഎം മണി ഭീഷണിപ്പെടുത്തുകയാണെന്നും പാര്‍ട്ടി ഓഫിസ് പോലെയാണ് കെഎസ്ഇബി പ്രവര്‍ത്തിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു.

കെഎസ്ഇബി ഭൂമിയില്‍ നിയമവിരുദ്ധ നിര്‍മ്മാണം

മൂന്നാറില്‍ സഹകരണ സംഘത്തിന് കൈമാറിയ കെഎസ്ഇബി ഭൂമിയില്‍ നിയമ വിരുദ്ധ നിര്‍മ്മാണവും നടത്തിയെന്ന് വ്യക്തമായി. ജില്ല കലക്ടറുടെ എന്‍ഒസി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചാണ് നിര്‍മ്മാണം നടത്തിയത്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍ഒസിക്ക് അപേക്ഷ നല്‍കിയ ശേഷമാണ് നിര്‍മ്മാണം നടത്തിയതെന്ന് മൂന്നാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഒന്നായ മൂന്നാര്‍ ടാണിലെ ഭൂമിയാണ് സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയത്. ഹെഡ് വര്‍ക്‌സ് ഡാമിന്റ് ക്യാച്ച്‌മെന്റ് ഏരിയയിലുള്ള അതീവ സുരക്ഷാ മേലയിലുള്ളതാണ് ഭൂമി. മുതിരപ്പുഴയാറിന്റ് മധ്യത്തിലാണിത്. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് കെഎസ്ഇബി ഹൈഡല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ഭൂമി ബാങ്കിന് കൈമാറിയത്.

പതിനേഴര ഏക്കര്‍ ഭൂമിയില്‍ നാലരയേക്കറാണ് ബാങ്കിന് നല്‍കിയത്. വരുമാനത്തിന്റ് 21 ശതമാനം ആദ്യ ഘട്ടത്തിലും കാലവധി പൂര്‍ത്തിയാകുന്ന വര്‍ഷം 31 ശതമാനവും നല്‍കണമെന്നാണ് കരാര്‍. ഹൈക്കോടതി വിധിയെ തുടര്‍ന്ന് നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പിന്റ് എന്‍ഒസി ഇല്ലാതെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റ് പണികള്‍ തുടങ്ങി. മുന്‍ ജില്ല കലക്ടര്‍ മൗനാനുവാദം നല്‍കി. തണ്ണീര്‍ത്തടവും അണക്കെട്ടിന്റ് സംഭരണിയും മണ്ണിട്ട് നികത്തി. ഇതോടെ കോണ്‍ഗ്രസ് നേതാവായ രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെട്ട് നിര്‍മ്മാണം തടഞ്ഞു.

പത്തു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ഇതിനായി വിദേശത്ത് നിന്ന് സാധനങ്ങള്‍ എത്തിച്ചു. രണ്ടാം ഘട്ടത്തിലെ പത്തു കോടിയുടെ പദ്ധതിയില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറും മിനി തിയേറ്ററും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കെഎസ്ഇബി ഭൂമി കൈമാറ്റത്തിലടക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപണം ഉയരുന്ന സ്ഥലങ്ങളിലൊന്നാണിത്.

Tags:    

Similar News