കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ അമൃത ഓയില്‍ ബാര്‍ജ്ജ് സര്‍വ്വീസിന് സജ്ജം

കൊച്ചിയില്‍ നിന്ന് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിലേക്ക് ഫര്‍ണസ് ഓയില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചാണ് അമൃത നിര്‍മ്മിച്ചതെന്ന് മനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു

Update: 2022-06-20 14:37 GMT

കൊച്ചി: ചരക്കുഗതാഗതത്തില്‍ ചുവടുറപ്പിച്ച കേരളസര്‍ക്കാര്‍ സംരംഭമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ പുതിയ സംരംഭമായ അമൃത ഓയില്‍ ബാര്‍ജ്ജ് സര്‍വ്വീസിന് സജ്ജമായി. 300 മെട്രിക് ടണ്‍ ക്ഷമതയാണ് അമൃതക്ക് ഉള്ളത്. കൊച്ചിയില്‍ നിന്ന് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിലേക്ക് ഫര്‍ണസ് ഓയില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചാണ് അമൃത നിര്‍മ്മിച്ചതെന്ന് മനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടറുകളുടെ പണി പൂര്‍ത്തിയാക്കിയാല്‍ ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിക്കാനാവും. ഉള്‍നാടന്‍ ജലപാതകള്‍ നവീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ വേഗത്തിലുള്ള പുരോഗതി കെഎസ്‌ഐഎന്‍സിക്ക് അനുകൂല ഘടകമാണെന്ന് മനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു.

36.40 മീറ്റര്‍ നീളവും 8.75 മീറ്റര്‍ വീതിയും 2.35 മീറ്റര്‍ ഉയരവും വരുന്ന അമൃതയുടെ സേവനം ആവശ്യപ്പെട്ടു കൊണ്ട് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ആവശ്യത്തിനും സ്വകാര്യകമ്പനികള്‍ക്കും അമൃതയുടെ സേവനം ഇപ്പോള്‍ തന്നെ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അപകടകരമായ വസ്തുക്കള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റോഡ് മാര്‍ഗ്ഗമല്ലാതെ ജലഗതാഗതം മുഖേന നടത്തണം എന്ന സര്‍ക്കാര്‍ നയത്തിനനുസൃതമായാണ് ഈ സംരംഭം. നാലര കോടി ചെലവാക്കി സ്വന്തം യാര്‍ഡിലാണ് കെഎസ്‌ഐഎന്‍സി നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഐആര്‍എസ് സര്‍ട്ടിഫിക്കേഷന്‍ ഉള്ള അമൃതക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ലൈസന്‍സും കിട്ടിയിട്ടുണ്ട്. ഫര്‍ണസ് ഓയില്‍ കൂടാതെ പെട്രോളിയം ലൈസന്‍സും ഉള്ള ഈ യാനത്തിന് പുറം കടലില്‍ പോയി വലിയ കപ്പലുകളില്‍ ഇന്ധനം നിറക്കാനുള്ള പ്രാപ്തിയുണ്ട്. ചരക്കുഗതാഗത മേഖലയില്‍ പുതിയ ആസിഡ് ബാര്‍ജുകളും ഓയില്‍ ബാര്‍ജുകളും അടക്കം ഇരുപതോളം കപ്പലുകളും, ബാര്‍ജ്ജുകളും, റോറോ വെസലുകളും, ജങ്കാറുകളും, ലക്ഷുറി ടൂറിസം ക്രൂസ് വെസലുകളും കെഎസ്‌ഐഎന്‍സിക്ക് നിലവില്‍ ഉണ്ട്. കൊവിഡിന് ശേഷം ചരക്കു സേവനമേഖലയും ടൂറിസവും മെച്ചപ്പെട്ടതോടെ നല്ല മാര്‍ക്കറ്റ് ഡിമാന്‍ഡ് അനുഭവപ്പെടുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News