വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം: ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു
കോട്ടയം: കഴിഞ്ഞ വര്‍ഷം കനത്ത മഴയെത്തുടര്‍ന്നു പൂഞ്ഞാറിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവറെ തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് എട്ടുമാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ സര്‍വീസില്‍ തിരിച്ചെടുത്തത്. ജയദീപിനെതിരേ അച്ചടക്കനടപടി നിലനിര്‍ത്തിയാണ് തിരിച്ചെടുത്തിരിക്കുന്നത്. ഇതോടൊപ്പം ഗുരുവായൂര്‍ ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
2021 കഴിഞ്ഞ ഒക്ടോബര്‍ 16ന് പൂഞ്ഞാറിലായിരുന്നു വെള്ളക്കെട്ടിലൂടെ ജയദീപ് ബസ്സോടിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയായിരുന്നു ജയദീപ് ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയാവുകയും ബസ്സിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന തരത്തില്‍ വാഹനം കൈകാര്യം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 16ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഒരാള്‍പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റുകയും ചെയ്തു. സസ്‌പെന്‍ഷനിലായ ശേഷം ഇദ്ദേഹം കെഎസ്ആര്‍ടിസിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.