കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു കെഎസ്ആര്‍ടിസി അവതരിപ്പിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കു ലഭിക്കുന്ന ജനപ്രീതി മുന്‍നിര്‍ത്തിയാണു മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ഓടിത്തുടങ്ങിയത്.
കൊച്ചിയിലും കോഴിക്കോടും സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സ്‌പെഷ്യല്‍ ഓഫിസറെ ഇരു നഗരങ്ങളിലും നിയമിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങളുടെ ആദ്യഘട്ടമായി വിശേഷിപ്പിക്കുന്ന പദ്ധതി വരുംനാളുകളില്‍ കൂടതല്‍ ജനപ്രിയമാക്കാനാണു കെഎസ്ആര്‍ടിസിയുടെ തീരുമാനം.
നഗരത്തിലെ പ്രധാന പോയിന്റുകളെ ബന്ധിപ്പിച്ച് 10 റൂട്ടുകളിലാണു സര്‍ക്കുലര്‍ ബസുകള്‍ സഞ്ചരിക്കുന്നത്. റൂട്ടുകള്‍ തിരിച്ചറിയാന്‍ റെഡ്, ബ്ലൂ, മജന്ത, യെല്ലോ, വയലറ്റ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങള്‍ നല്‍കി. ഈ റൂട്ടുകളില്‍ ഓരോ 15 മിനിറ്റിലും ബസ് വരും. തിരക്കുള്ള സമയമാണെങ്കില്‍ 10 മിനിറ്റ് ഇടവേളയില്‍ ബസ് ഉണ്ടാകും. ടിക്കറ്റ് മിനിമം 10 രൂപയും പരമാവധി 30 രൂപയും. 24 മണിക്കൂര്‍ പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള ഗുഡ് ഡേ ടിക്കറ്റ് ടിക്കറ്റ് സൗകര്യമുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു പ്രീ പെയ്ഡ് ഡിജിറ്റല്‍ കാര്‍ഡും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്. ബസില്‍ പണം നേരിട്ടു നല്‍കാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ട്രാവല്‍ കാര്‍ഡ് പരമാവധി 2,000 രൂപയ്ക്കു വരെ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.
തുടക്കത്തില്‍ ഏഴു റൂട്ടുകളാണു സര്‍ക്കുലര്‍ സര്‍വീസില്‍ ഉണ്ടായിരുന്നത്. പദ്ധതിയുടെ ലാഭകരമായ നടത്തിപ്പിനായി ഇത് 10 റൂട്ടുകളായി പരിഷ്‌കരിക്കുകയായിരുന്നു. പേരൂര്‍ക്കടയില്‍നിന്ന് ആരംഭിക്കുന്ന മജന്ത, യെല്ലോ, വയലറ്റ്, ബ്ലൂ, റെഡ് റൂട്ടുകളിലെ ബസുകളെല്ലാം ഇപ്പോള്‍ തമ്പാന്നൂര്‍ വരെ നീട്ടിയിട്ടുണ്ട്. പ്രതിദിനം 20,000 പേര്‍ സിറ്റി സര്‍ക്കുലര്‍ ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണു കെഎസ്ആര്‍ടിസിയുടെ കണക്ക്. ഒന്നര കോടിയിലേറെ രൂപ വരുമാനവും ഇതുവരെ ലഭിച്ചുകഴിഞ്ഞു.