കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഡിസംബര്‍ 1 മുതല്‍ 'ക്രൂ ചെയ്ഞ്ച്' നടപ്പാക്കുന്നു

Update: 2020-11-30 15:44 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിസംബര്‍ ഒന്ന് മുതല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ച് നടപ്പിലാക്കാനൊരുങ്ങുന്നു. തുടക്കത്തില്‍ തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 3 മണിക്ക് സര്‍വ്വീസ് ആരംഭിക്കുന്ന ബാംഗ്ലൂര്‍, 4.15നുള്ള ബാംഗ്ലൂര്‍, 5.15നുള്ള ബാംഗ്ലൂര്‍ 6 മണിക്കുള്ള മംഗലാപുരം എന്നീ സര്‍വീസുകള്‍ യഥാക്രമം എറണാകുളം, പാലക്കാട്, ബത്തേരി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ക്രൂ ചെയ്ഞ്ച് ചെയ്ത് സര്‍വീസ് നടത്തും. ഇവ കൂടാതെ 5.30-നുള്ള പത്തനംതിട്ട - ബാംഗ്ലൂര്‍, 5.30-നുള്ള കോട്ടയം - ബാംഗ്ലൂര്‍ എന്നിവയും പാലക്കാട് ക്രൂ ചെയ്ഞ്ച് നടത്തുന്നതായിരിക്കും. പ്രസ്തുത ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി എറണാകുളും പാലക്കാട്, തൃശ്ശൂര്‍, ബത്തേരി എന്നിവിടങ്ങളില്‍ എ.സി. സ്ലീപ്പര്‍ ബസുകള്‍ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളില്‍ ഇത്തരത്തില്‍ ക്രൂ ചെയ്ഞ്ച് നടപ്പിലാക്കുന്നതാണ്. 

എല്ലാ ദീര്‍ഘദൂര വാഹനങ്ങളിലും ഒരു ഡ്രൈവര്‍ പരമാവധി എട്ടു മണിക്കൂര്‍ മാത്രമേ തുടര്‍ച്ചയായി വാഹനമോടിക്കാന്‍ പാടുള്ളൂ. അതനുസരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ ക്രൂ ചെയ്ഞ്ച് സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ ബസുകളിലും എട്ടു മണിക്കൂറിലധികം ഒരേ ഡ്രൈവര്‍ തന്നെ വാഹനമോടിക്കുന്ന സാഹചര്യം ഒഴിവാക്കാനായി ഡ്രൈവര്‍ മാറുകയോ എട്ട് മണിക്കൂര്‍ ഡ്രൈവിംഗിന് ശേഷം ആവശ്യമായ വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സംവിധാനം നിലവില്‍ വരും, ഗതാഗതക്കുരുക്കും മറ്റ് പ്രശ്നങ്ങളും കാരണം നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ഈ സംവിധാനപ്രകാരം തുടരെ ഒരു ഡ്രൈവര്‍ എട്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ വാഹനം മറ്റൊരു ഡ്രൈവര്‍ക്ക് കൈമാറുകയോ വിശ്രമം എടുക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ഷെഡ്യൂളുകളില്‍ എട്ട് മണിക്കൂറില്‍ ഒരിക്കല്‍ ക്രൂ ചേഞ്ച് (കണ്ടക്ടറും ഡ്രൈവറും മാറുക) എന്ന അത്യന്തം സുരക്ഷിതമായ സംവിധാനം നിലവില്‍ വരും.

മുന്‍കാലങ്ങളില്‍ ഒരു ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസും ജീവനക്കാരും ഒരേ ഡിപ്പോയിലേത് തന്നെ ആയിരുന്നെങ്കില്‍ പുതിയ സംവിധാനം അനുസരിച്ച് ബസ്സ് ഒരു ഡിപ്പോയിലെയും കണ്ടക്ടറും ഡ്രൈവറും ബസ് പുറപ്പെടുന്ന ഡിപ്പോകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഡിപ്പോകളിലേയും ആയിരിക്കും. പുതിയതായി നടപ്പിലാക്കിയ പദ്ധതി പ്രകാരം ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്ക് നിശ്ചിത സമയത്തില്‍/ദൂരത്തില്‍ കൂടുതല്‍ വണ്ടി ഓടിക്കേണ്ടി വരില്ല, ഒപ്പം കണ്ടക്ടര്‍മാര്‍ക്കും നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരില്ല. ഇക്കാരണത്താല്‍ തന്നെ അവര്‍ ഇന്ന് ഡ്യൂട്ടിക്കിടയില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദത്തിന് വിരാമം ഉണ്ടാകും. വിശ്രമകേന്ദ്രങ്ങളില്‍ ഉള്ള മറ്റ് അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. കെ.എസ്.ആര്‍.ടി.സി-യില്‍ ജീവനക്കാരുടെ കുറവ് മൂലം ഡ്രൈവര്‍ വിഭാഗം ജീവനക്കാരെ വടക്ക് നിന്ന് തെക്കോട്ടും കണ്ടക്ടര്‍ വിഭാഗം ജീവനക്കാരെ തിരിച്ചും സ്ഥലം മാറ്റുന്ന രീതിയ്ക്കും ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു പരിധി വരെ പരിഹാരമാകും.

ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന സംവിധാനത്തിന് എതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും, അത് കര്‍ശമായി നടപ്പിലാക്കേണ്ട എന്ന വിധി വാങ്ങുകയും ചെയ്തിരുന്നു . അതനുസരിച്ച് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് 1961ലെ വ്യവസ്ഥകള്‍ പാലിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇപ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും, ബംഗുളുരുവിലേക്കുള്ള 3 സര്‍വ്വീസുകളിലും കോട്ടയം- ബംഗളൂരു, പത്തനംതിട്ട -ബംഗുളുരു, തിരുവനന്തപുരം- മംഗലാപുരം എന്നീ സര്‍വീസുകളില്‍, എറണാകുളം, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി എന്നീ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് ഡ്രൈവറും, കണ്ടക്ടറും സ്റ്റാഫ് സ്ലീപ്പര്‍ ബസുകള്‍ കൂടി ഉപയോഗിച്ചാകും ക്രൂ ചെയ്ഞ്ച് ചെയ്യുന്ന സംവിധാനം നടപ്പിലാക്കുന്നത്.

Tags:    

Similar News