അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ട; ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ ബിജു പ്രഭാകര്‍ രാജിവെയ്ക്കണമെന്നും സിഐടിയു
മാര്‍ച്ചിലെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്
തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനവുമായി സിഐടിയു. അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. ഞങ്ങളും കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോള്‍ ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്നു. ശമ്പളം നല്‍കാന്‍ കഴിവില്ലെങ്കില്‍ സിഎംഡി ബിജു പ്രഭാകര്‍ രാജിവെക്കണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 28ന് പണിമുടക്ക് നടത്തുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്താല്‍ പൈസ വരുമോയെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പരിഹാസം.
ശമ്പളവിതരണത്തിനായി 30 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ബാക്കി തുക കെഎസ്ആര്‍ടിസി സ്വയം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ അതിനാവില്ലെന്നും ബാക്കി തുകയും സര്‍ക്കാര്‍ തന്നെ നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.