കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണത്തില്‍ ധാരണയായി; കുറഞ്ഞ ശമ്പളം 23,000 രൂപ
ശമ്പളത്തിന് 2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ നല്‍കും. 137 ശതമാനം ഡിഎ നല്‍കാനും ധാരണായായി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണത്തില്‍ ധാരണയായി. കുറഞ്ഞ ശമ്പളം 23,000 രൂപ ആക്കി ഉയര്‍ത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമാക്കി. 2022 ജനുവരി മാസം മുതല്‍ പുതുക്കിയ ശമ്പളം നല്‍കിത്തുടങ്ങും.
ശമ്പളത്തിന് 2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ നല്‍കും. 137 ശതമാനം ഡിഎ നല്‍കാനും ധാരണായായി.
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കും. ഇതോടൊപ്പം 45 വയസ്സിനു മുകളിലുള്ള ജീവനക്കാര്‍ക്ക് 5 വര്‍ഷം വരെ പകുതി ശമ്പളത്തോടെ അവധി നല്‍കാനും പദ്ധതിയുണ്ട്. പെന്‍ഷന്‍ വര്‍ദ്ധനയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.