കര്‍ണാടകയിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വീസ്; ബുക്കിങ് ആരംഭിച്ചു
റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് കെഎസ്ആര്‍ടിസി ബെംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും. കൊവിഡ് സാഹചര്യത്തില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്ത് നിന്നും പാലക്കാട്, കോഴിക്കോട് എന്നീ പ്രദേശങ്ങള്‍ വഴിയാണ് റിസര്‍വേഷന്‍ സൗകര്യമുള്ള സര്‍വ്വീസ് നടത്തുക. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ച് കഴിഞ്ഞു. മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ പെട്ടെന്ന് അനുമതി നിഷേധിച്ചാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതിനാല്‍ ഈ സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള അനുമതിയും ലഭിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. 10 ശതമാനം അധികനിരക്കുള്‍പ്പെടെ എന്റ് ടു എന്റ് നിരക്കുകള്‍ പ്രകാരമാണ് സര്‍വ്വീസ് നടത്തുക. ആവശ്യമുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ www.online. keralartc.com എന്ന വെബ്‌സൈറ്റില്‍ റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്.
എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. യാത്രക്കു മുമ്പ് കേരളത്തിലേക്കുള്ള യാത്ര പാസ് കരുതേണ്ടതും ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കണം. യാത്രയില്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. യാത്രക്ക് മുന്‍പ് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. യാത്രയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9447071021 എന്ന നമ്പറിലും www.online. keralartc.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.