കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ പണമെത്തി; ശമ്പളം ഉടന്‍

സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയ്‌ക്കൊപ്പം ഓവര്‍ ഡ്രാഫ്റ്റായി സ്വരൂപിച്ച 45 കോടിയും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി

Update: 2022-04-18 12:44 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പള വിതരണം മുടങ്ങിയ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ഫണ്ടെത്തി. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയ്‌ക്കൊപ്പം ഓവര്‍ ഡ്രാഫ്റ്റായി സ്വരൂപിച്ച 45 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ഇതോടെ പ്രതിസന്ധിയിലായ മാര്‍ച്ചിലെ ശമ്പളം കെഎസ്ആര്‍ടിസി ഉടന്‍ വിതരണം ചെയ്യും. ഇന്ന് തന്നെ തുകകള്‍ വിതരണം ചെയ്യാനാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യുമെന്ന് കെഎസ് ആര്‍ടിസി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യാന്‍ ആയിരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച 30 കോടിക്ക് പുറമെ അവശ്യമായ അധിക തുക ഓവര്‍ ഡ്രാഫ്റ്റായി എടുക്കാനുള്ള മാനേജ്‌മെന്റ് നീക്കം സാങ്കേതികത്വത്തിന്റെ പേരില്‍ വൈകിയതുമാണ് തിരിച്ചടിയായത്. എന്നാല്‍, ശമ്പളം വൈകിയതിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് നല്‍കുന്ന സൂചനകള്‍. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂനിയന്‍ നേതൃത്വം പറയുന്നത്. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം. ചീഫ് ഓഫിസിനു മുന്നിലെ റിലേ നിരാഹാര സത്യാഗ്രഹ സമരവും തുടരുകയാണ്. 

Tags:    

Similar News