കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളോട് ചേര്‍ന്ന് 67 പെട്രോള്‍ ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നു
കെഎസ്ആര്‍ടിസി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള ധാരണാ പത്രം ഒപ്പിടല്‍ ന്ാളെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് സ്‌റ്റേഷനുകളില്‍ പൊതു ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പെട്രോള്‍ ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ധാരണാ പത്രം ഒപ്പിടുന്നു. നാളെ വൈകീട്ട് 5ന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം (ഓണ്‍ലൈന്‍) ചെയ്യും. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് ധനപാണ്ഡ്യന്‍ ചേര്‍ന്നാണ് ധാരണാ പത്രം ഒപ്പിടുന്നത്. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐഒസി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ദീപക് ദാസ്, ഡിജിഎം വിപിന്‍ ഓസ്റ്റിന്‍ തുടങ്ങിയവരും പങ്കെടുക്കും.
കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും ഡീസല്‍ നല്‍കുന്നത്. ഇവയോട് പെട്രോള്‍ യൂനിറ്റും ചേര്‍ത്ത് ഓരോ ഡിപ്പോയുടേയും മുന്‍വശത്ത് ആധുനിക ഓണ്‍ലൈന്‍ ഫ്യുവല്‍ മോണിറ്ററിങ് സംവിധാനമുള്ള റീട്ടെല്‍ ഔട്ട്‌ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് പകല്‍ സമയവും, കെഎസ്ആര്‍ടിസിക്ക് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും രാത്രിയും ഡീസല്‍ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന 72 ഡീസല്‍ പമ്പുകളില്‍ 66 എണ്ണവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റ ആദ്യഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുള്ള 66 ഡീസല്‍ പമ്പുകള്‍ക്ക് പുറമെ ആലുവയിലെ റീജണല്‍ വര്‍ക്ക്‌ഷോപ്പും പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും കൂടി ചേര്‍ത്താണ് 67 സ്ഥലങ്ങളില്‍ പമ്പുകള്‍ സ്ഥാപിക്കുക. പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനം വകുപ്പിന്റെയും, ദേവസ്വം ബോര്‍ഡിന്റേയും അനുമതിക്കനുസരിച്ചാകും പമ്പ് സ്ഥാപിക്കുക.
ധാരണാപത്രപ്രകാരം ഇവിടെ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പുതിയ പമ്പുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഇതിനായി ശരാശരി 30 മുതല്‍ 40 സെന്റ് സ്ഥലം വരെ കെഎസ്ആര്‍ടിസി ദീര്‍ഘകാലപാട്ടത്തിനായി ഐഒസിക്ക് നല്‍കും. കൂടാതെ അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടര്‍, ടോയിലറ്റ്, കഫ്‌റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആര്‍ടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്പില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡീലര്‍ കമ്മീഷനു പുറമെ സര്‍ക്കാര്‍ സ്ഥലത്തിലുള്ള കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുള്‍പ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വര്‍ഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.