സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ ബന്ദികളാക്കിയത് ശരിയോ; കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കേണ്ടിവരുമെന്നും മന്ത്രി
കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ എന്തുകൊണ്ടാണ് സ്ഥിര വരുമാനമുളളവര്‍ മനസ്സിലാക്കാത്തത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍വ്വീസിലില്ലാത്ത സമയത്ത് പോലും മുടക്കവുമില്ലാതെ ശമ്പളത്തിന് വേണ്ടി സര്‍ക്കാര്‍ പണം നല്‍കിയിരുന്നു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ഇത്തരം പ്രവണതകള്‍ തുടരാനാണ് തീരുമാനമെങ്കില്‍ കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസായി സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടി വരും. ഇതിനു വേണ്ടി നിയമ നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ല. ഇതില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സര്‍ക്കാര്‍ പല തവണകളായി കെഎസ്ആര്‍ടിസിയെ സഹായിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ എന്തുകൊണ്ടാണ് സ്ഥിര വരുമാനമുളളവര്‍ മനസ്സിലാക്കാത്തത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍വ്വീസിലില്ലാത്ത സമയത്ത് പോലും ഒരു മുടക്കവുമില്ലാതെ ശമ്പളത്തിന് വേണ്ടി സര്‍ക്കാര്‍ പണം നല്‍കിയിരുന്നു. 30 കോടിയുടെ അധിക ബാധ്യത വരുന്ന നിര്‍ദേശം മുന്നോട്ട് വെച്ച് 24 മണിക്കൂറിനകം മറുപടി വേണമെന്ന നിലപാട് ശരിയല്ല. നവംബര്‍ മാസത്തില്‍ ശമ്പള പരിഷ്‌കാരം കൊണ്ടുവന്നാല്‍ പോലും ഡിസംബറിലാണ് ശമ്പളം നല്‍കാന്‍ സാധിക്കുക.
കരാറില്‍ ഏര്‍പ്പെടാന്‍ ഇനിയും ദിവസങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ചര്‍ച്ച ചെയ്യാനുളള സാവകാശം പോലും സംഘടനകള്‍ നല്‍കിയില്ല. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ ബന്ദികളാക്കിയത് ശരിയാണോ എന്ന് സമരം നടത്തുന്ന യൂനിയനുകള്‍ ആലോചിക്കണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസി യൂനിയനുകളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.