കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ ഇന്ന് മുതല്‍; മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും
ഏപ്രില്‍ 12 ന് വൈകുന്നേരം 5.30 തിന് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ബംഗളൂരുവില്‍ വച്ച് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡോ ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.വൈകിട്ട് 5.30 മണി മുതല്‍ ബംഗളൂരുവിലേക്കുള്ള എസി വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വീസുകളുമാണ് ആദ്യ ദിനം സര്‍വീസ് നടത്തുക.
ഏപ്രില്‍ 12 ന് വൈകുന്നേരം 5.30 തിന് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ബംഗളൂരുവില്‍ വച്ച് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും.
ആദ്യമായി എത്തിച്ച സ്ലീപ്പര്‍ ബസുകള്‍ക്ക് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍പ്രകാരം 60 ശതമാനം ടിക്കറ്റുകള്‍ ബുക്കിങ് ആയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ മടക്കയാത്ര ഉള്‍പ്പെടെ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തത്കാല്‍, അഡീഷണല്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്‌സും തൊപ്പിയുമാണ് വേഷം.