മകന് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് ജലീല്‍; ശ്രദ്ധകിട്ടാന്‍ വേണ്ടി വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് കുഞ്ഞാലിക്കുട്ടി

എന്ത് രേഖ വേണമെങ്കിലും സഭാ അധ്യക്ഷന് മുന്നില്‍ സമര്‍പ്പിക്കാം. എന്നാല്‍ ജലീലിന് മുന്നില്‍ ഒന്നും സമര്‍പ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Update: 2021-08-03 10:52 GMT

തിരുവനന്തപുരം: മുസ് ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മകന് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് കെടി ജലീല്‍ നിയമസഭയില്‍. ശ്രദ്ധകിട്ടാന്‍ വേണ്ടി വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.

സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് ആണെന്ന് ജലീല്‍ സഭയില്‍ പറഞ്ഞു. ഇഡി പാണക്കാട് കുടുംബത്തില്‍ അന്വേഷിച്ച് എത്താന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. എ.ആര്‍.ഐ അക്കൗണ്ടിലാണ് മകന്‍ പണം നിക്ഷേപിച്ചത്. നിക്ഷേപത്തിന് എല്ലാ രേഖയുമുണ്ട്. എന്ത് രേഖ വേണമെങ്കിലും സഭാ അധ്യക്ഷന് മുന്നില്‍ സമര്‍പ്പിക്കാം. എന്നാല്‍ ജലീലിന് മുന്നില്‍ ഒന്നും സമര്‍പ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ജലീല്‍ അതുമിതും പറയുന്നത്. വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News