കുറ്റവാളി ആരാണെന്ന് ഇഡിയ്ക്ക് അറിയാം; കുറ്റവാളിയായ കുഞ്ഞാലിക്കുട്ടിക്ക് ഇഡി നോട്ടീസ് റീ ഇഷ്യൂ ചെയ്യണമെന്നും കെടി ജലീല്‍
ചന്ദ്രിക പത്രത്തിന്റ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ജലീല്‍
തിരുവനന്തപുരം: പാണക്കാട് തങ്ങള്‍ക്ക് ഇഡി അയച്ച നോട്ടീസ്, യഥാര്‍ഥ കുറ്റവാളിയായ പികെ കുഞ്ഞാലിക്കുട്ടിക്ക് ആ നോട്ടിസ് റീ ഇഷ്യൂ ചെയ്യണമെന്ന് കെടി ജലീല്‍. നിയമസഭ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് തങ്ങള്‍ക്ക് ഇഡി നോട്ടീസ് അയച്ചതില്‍, ഇഡിയ്ക്ക് അറിയാം ആരാണ് കുറ്റവാളിയെന്ന്. ചെയ്യാത്ത കുറ്റത്തിനാണ് പാണക്കാട് കുടുംബത്തെ ഇഡി ചോദ്യം ചെയ്തത്. എല്ലാം താന്‍ മാനേജ് ചെയ്തിട്ടുണ്ടെന്നും ഇനി ആരും വരില്ലെന്നും പാണക്കാട് കുടുംബത്തിന് കുഞ്ഞാലിക്കുട്ടി വാക്കുനല്‍കിയിരുന്നു. ഹൈദരലി ഷിഹാബ് തങ്ങള്‍ അടക്കം ഇത് വിശ്വസിച്ചു.
ആരോഗ്യ സ്ഥിതി മോശമായ, ചികില്‍സയിലുള്ള ഘട്ടത്തില്‍ പാണക്കാട് തങ്ങള്‍ക്ക് എങ്ങനെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കുന്നത്. പാണക്കാട്് കുടുംബത്തെ ചതിക്കുഴിയില്‍ വിഴ്ത്താനും വഞ്ചിക്കാനും തയ്യാറായിട്ടുള്ള കുഞ്ഞാലിക്കുട്ടി, മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ലീഗിനെയും നാലു വെള്ളിക്കാശിന് വേണ്ടി വിറ്റുതുലക്കുകയാണ്.
ചന്ദ്രിക പത്രത്തിന്റ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ്. കോടികളുടെ ആസ്ഥിയുള്ള ക്ഷേത്രത്തിലെ ദരിദ്രനായ പൂജാരിയെപ്പോലെയാണ് ചന്ദ്രിക പത്രം. അഞ്ച് കോടി രൂപ പ്രോവിഡന്റ് ഫണ്ട് ഇനത്തില്‍ കുടിശ്ശികയുണ്ട്. തടവു ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യമാണ് ഇത്. ചന്ദ്രികയിലെ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം പോലും ലഭിക്കാറില്ല. ഗള്‍ഫില്‍ ഖത്തറില്‍ പിഡിഎഫ് ആയി മാത്രമാണ് ചന്ദ്രിക ഇപ്പോള്‍ ഇറങ്ങുന്നത്. യുഎഇയില്‍ പത്രം അച്ചടിച്ച വകയില്‍ ആറു കോടി പ്രസില്‍ കുടിശ്ശികയുണ്ട്. പണം അടച്ച് തീര്‍ക്കുന്നതിനായി പിരിച്ചെടുത്ത 4.5 മില്യന്‍ ഇതുവരെ പ്രസില്‍ അടച്ചിട്ടില്ല. ഇത് ചിലര്‍ പോക്കറ്റിലാക്കി. കുഞ്ഞാലിക്കുട്ടിയുടെ സില്‍ബന്തികളെ മാത്രമാണ് കെഎംസിസിയുടെ ഭാരവാഹികളാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. അദ്ദേഹം പതിവായി സഭയില്‍ എത്തുന്നുണ്ട്. ഈ കോടിക്കണക്ക് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ കുറ്റം ചെയ്ത വ്യക്തി ഇവിടെ സുഖമായി കഴിയുന്നു. എന്നാല്‍ ഇതിലൊന്നും മനസാ വാചാ കര്‍മ്മണ ഒരു ബന്ധവുമില്ലാത്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോകുന്നത്. ഇത് തങ്ങളേയും അവരുടേയും കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ ലീഗില്‍ നിന്നുതന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
തങ്ങളോടും കുടുംബത്തോടും അമിത സ്‌നേഹവും കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിക്കുകയും ചെയ്യുന്ന തന്ത്രമാണ് കെടി ജലീല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തിലുടനീളം പ്രകടിപ്പിച്ചത്. ഇത് കൃത്യമായി ലീഗ് അണികളെ ലക്ഷ്യവച്ചുള്ള ഒളിയമ്പുകളാണ്.