കെടി ജലീലിന്റെ സമനില തെറ്റി; ഇത് ചേരാത്ത കുപ്പായമെന്നും കെ മുരളീധരന്‍
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് കാരണമായിട്ടുണ്ടെന്നായിരുന്നു കെടി ജലീലിന്റെ പരാമര്‍ശം
തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. കെടി ജലീലിന്റെ സമനില തെറ്റി. ജലീലിന്റെ വായില്‍ നിന്നും വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പനമായി കണ്ടാല്‍ മതി. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീല്‍ ധരിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാവിയെ ബാധിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീല്‍ നടത്തിയ പ്രതികരണത്തിനെതിരെയാണ് മുരളീധരന്റെ പ്രസ്താവന.
വിഎം സുധീരന്റെ പരാതി നേതൃത്വം ഇടപെട്ട് പരിഹരിക്കണം. പുരാവസ്തു തട്ടിപ്പില്‍ ജുഡിഷ്യല്‍ അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് കാരണമായിട്ടുണ്ടെന്നായിരുന്നു കെടി ജലീലിന്റെ പരാമര്‍ശം.
പികെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നും താനറിയാതെ തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നു പോയതെന്നും ജലീല്‍ പറഞ്ഞിരുന്നു. കള്ളപ്പണ വിഷയത്തില്‍ ഒന്നുമറിയാതെ തന്റെ പേരും ഉള്‍പ്പെട്ടതില്‍ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായെന്നും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്.