മാധ്യമം പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല; നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും കെടി ജലീല്‍
പത്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഎഇ കോണ്‍സല്‍ ജനറലിന് സ്വന്തം മെയിലില്‍ നിന്ന് കത്തയച്ചിട്ടുണ്ട്
തിരുവനന്തപുരം: ഗള്‍ഫില്‍ മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയിട്ടില്ലെന്ന് കെ.ടി ജലീല്‍ എംഎല്‍എ. എന്നാല്‍ കൊവിഡില്‍ ആളുകള്‍ മരിച്ചുവീഴുന്നു എന്ന മാധ്യമം ഫീച്ചര്‍ അങ്കലാപ്പുണ്ടാക്കിയെന്നും ഇതില്‍ പത്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎഇ കോണ്‍സല്‍ ജനറലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തയാണ് മാധ്യമം നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ഫോട്ടോ വെച്ച് മാധ്യമം ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ച് അന്നത്തെ യുഎഇ കോണ്‍സുല്‍ ജനറലിന്റെ പി.എക്ക് താന്‍ വാട്‌സാപ് മേസേജ് അയച്ചിട്ടുണ്ട്. തന്റെ ഓഫീഷ്യല്‍ മെയില്‍ ഐ.ഡിയില്‍നിന്ന് കോണ്‍സുല്‍ ജനറലിന്റെ മെയിലിലേക്ക് അതിന്റെ ഒരു കോപ്പി അയക്കുകയും ചെയ്തു. അതിലൊരിടത്തും ഒരു പത്രം നിരോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
കോണ്‍സുലേറ്റിന് കത്തെഴുതിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രോട്ടോക്കോള്‍ ലംഘനം രാജ്യദ്രോഹക്കുറ്റമാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അബ്ദുല്‍ ജലീല്‍ എന്ന പേരില്‍ കോണ്‍സുലേറ്റ് ജനറലിന് കത്തെഴുതിയത്, അത് തന്റെ പേരിന്റെ പൂര്‍ണരൂപമായതിനാലാണ്. സ്വപ്‌നയുടെ ആരോപണങ്ങള്‍ കളവാണ്. കോണ്‍സുലേറ്റ് ജനറലുമായി ചേര്‍ന്ന് ബിസിനസ് ചെയ്യാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.