കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു: ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്കു 17ന് തുടക്കം
തിരുവനന്തപുരം: സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിര്‍മാര്‍ജന മേഖലകളില്‍ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു. 45 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും, രജത ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1998 മേയ് 17നാണു കുടുംബശ്രീ രൂപീകൃതമായത്. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിനായി അവരുടെ പങ്കാളിത്തത്തോടെ മിതവ്യയം അടിസ്ഥാനമാക്കി വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന നയപരിപാടിയുമായാണു കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം, വരുമാനം തുടങ്ങിവയായിരുന്നു കുടുബശ്രീയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിലവില്‍ മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 45.85 ലക്ഷം വനിതകള്‍ കുടുംബശ്രീയില്‍ അംഗമാണ്. ഉപജീവനമാര്‍ഗത്തിനായി സൂക്ഷ്മ സംരംഭങ്ങള്‍ നടപ്പാക്കല്‍, അയല്‍ക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കല്‍, സുരക്ഷ ഉറപ്പാക്കല്‍ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടല്‍ ശേഷിയും കാര്യശേഷിയും വര്‍ധിപ്പിച്ച് സ്ത്രീ കേന്ദ്രീകൃത നൂതന പങ്കാളിത്ത സമീപനമാണു കുടുംബശ്രീ കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു.
രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 17നു രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന മന്ത്രിസഭയിലെ വനിതാ മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചു റാണി, വീണാ ജോര്‍ജ്, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിയും കുടുബശ്രീയും, പ്രാദേശിക സാമ്പത്തിക വികസനം കുടുംബശ്രീയുടെ പങ്ക്, ലിംഗപദവി തുല്യതയും മുന്‍ഗണനാ സമീപനങ്ങളും എന്നീ വിഷയങ്ങളില്‍ മുന്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരന്‍, ടി.കെ. ജോസ്, നവകേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും.
ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ചു പഠനം നടത്തിയവരെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സെമിനാര്‍, സര്‍ഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകള്‍, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സി.ഡി.എസുകളിലും ഒരേ ദിവസം വികസന സെമിനാറുകള്‍, കുടുംബശ്രീ ഫെലോഷിപ്പ് പ്രോഗ്രാം, കലാലയങ്ങളില്‍ കുടുംബശ്രീ സെമിനാറുകള്‍, മുന്‍കാല പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍, വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കല്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അറിവും അനുഭവങ്ങളും മാതൃകകളും നേട്ടങ്ങളും വൈജ്ഞാനിക കേരള സൃഷ്ടിക്കു വേണ്ടി പങ്കുവയ്ക്കും. സ്ത്രീകളുടെ പൊതുപങ്കാളിത്തവും തൊഴില്‍ പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി സ്ത്രീപക്ഷ നവകേരളത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.