വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് കുഞ്ഞാലിക്കുട്ടി എംപി

വിദ്യാര്‍ത്ഥി വേട്ടയില്‍ നിന്ന് ഡല്‍ഹി പോലിസിനെ തടയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നാവശ്യപ്പെട്ട് എംപി വകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി.

Update: 2020-05-03 08:06 GMT

ഡല്‍ഹി/മലപ്പുറം: രാജ്യം കോവിഡിനെതിരെയുള്ള പോരാട്ടം കടുപ്പിക്കുന്നതിനിടയില്‍ ഡല്‍ഹി പോലിസ് നിരപരാധികളായ വിദ്യാര്‍ത്ഥികളെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന തിരക്കിലാണന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിദ്യാര്‍ത്ഥി വേട്ടയില്‍ നിന്ന് ഡല്‍ഹി പോലിസിനെ തടയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നാവശ്യപ്പെട്ട് എംപി വകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി.

വിവാദ പൗരത്വ നിയമത്തിനെതിരേയുള്ള സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് ഡല്‍ഹി പോലിസിന്റെ മനുഷ്യത്വ വിരുദ്ധ നടപടി. ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, അലുംനി അസോസിയേഷന്‍ നേതാവ് ശിഫാഉര്‍ റഹ്മാന്‍ ഖാന്‍ തുടങ്ങിയവരെ ലോക്ക് ഡൗണിനിടയിലും അറസ്റ്റ് ചെയ്ത് ജയിലിലിടച്ചിരിക്കുകയാണ്. ഇതില്‍ സഫൂറ സര്‍ഗാര്‍ ഗര്‍ഭിണിയാണ്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതിനിടയിലും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളൊക്കെ കാറ്റില്‍ പരത്തി വിദ്യാര്‍ത്ഥികളെയും പൗരത്വ നിയമത്തിനെതിരേ മുന്‍പന്തിയിലുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകരേയും പോലിസ് സ്റ്റേഷനുകളിലേക്ക് നിരന്തരം വിളിച്ചുവരുത്തുന്നു.

പല സര്‍ക്കാരുകളും വിചാരണ തടവുകാരെ മോചിപ്പിക്കുന്നതിനിടയിലാണ് ഡല്‍ഹി പോലിസ് വിദ്യാര്‍ഥികളെ ജയിലിലടക്കുന്നത്. പോലിസിന്റെ ഈ നടപടി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹാസ്യമാക്കിതീര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരേയുര്‍ന്ന പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ടതല്ല. ദേശീയ-അന്തര്‍ദേശീയ മേഖലകളില്‍ നിന്നും നിയമത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നതായും എംപി ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും കുഞ്ഞാലിക്കുട്ടി ആഭ്യന്തരമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News