അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

Update: 2024-03-28 04:59 GMT

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയേക്കും.

ഡല്‍ഹി മദ്യനയക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസമാണ്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ് രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. പണം ആര്‍ക്ക് പോയെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ് രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.

അതിനിടെ കെജ് രിവാളിന്റെ അറസ്റ്റില്‍ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്ത് വന്നു. നിയമ നടപടികള്‍ സുതാര്യവും നിഷ്പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു. അമേരിക്കന്‍ നിലപാടിനെ ആരെങ്കിലും എതിര്‍ക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങള്‍ക്ക് അറിയാമെന്നും അമേരിക്കയുടെ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവര്‍ത്തിക്കുന്നത്.

Tags:    

Similar News