ബാബരി മസ്ജിദ് വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധം: ഐഎന്‍എല്‍
കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനമാണ് ശരിയെന്നും സേട്ട് സാഹിബിനെയും കൂടെ നിന്നവരെയും അന്നത്തെ നേതാക്കള്‍ 'ക്ഷ' വരപ്പിച്ചുവെന്നുമുള്ള മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ലീഗിന്റെ ന്യൂനപക്ഷ പ്രതിബദ്ധതയും നേതൃത്വത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ട അന്നത്തെ നിലപാടിന്റെ പാപപങ്കിലതകളില്‍നിന്ന് ആ പാര്‍ട്ടിക്ക് ഇതുവരെ മുക്തമാവാന്‍ കഴിഞ്ഞിട്ടില്ല. പി വി നരസിംഹറാവു പോയിട്ട് സോണിയ വരട്ടെ എന്ന് തങ്ങള്‍ ക്യാംപയിന്‍ നടത്തിയെന്ന വാദം ശുദ്ധ കളവാണ്.
സേട്ടിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് റാവു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനാണ്. അഖിലേന്ത്യാ ലീഗ്, മുസ്‌ലിം ലീഗില്‍ ലയിച്ചത് ഇടതുമുന്നണിയില്‍ അവര്‍ക്ക് പൊറുതിമുട്ടിയതുകൊണ്ടാണെന്നും ശരീഅത്ത് വിവാദം ഒരു നിമിത്തം മാത്രമായിരുന്നുവെന്നുമുള്ള അഭിപ്രായ പ്രകടനം ബാലിശവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ഇടതുമുന്നണിയില്‍ ഐഎന്‍എല്‍ ഇന്ന് അതേ പ്രതിസന്ധി നേരിടുകയാണെന്ന് തട്ടിവിടുന്നത് അസൂയ മൂത്താണ്. എല്‍ഡിഎഫിന്റെ ഭാഗമാവാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന മുസ്‌ലിം ലീഗിന്റെ പരിതാപകരമായ അവസ്ഥ ഒരു പാര്‍ട്ടിക്കും വന്നുപെടല്ലേ എന്നാണ് തങ്ങളുടെ പ്രാര്‍ഥനയെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.