'കുന്നംകുളം മാപ്പ്' ;സാബുവിനെ പരിഹസിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ശ്രീനിജന്‍ എംഎല്‍എ

സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന

Update: 2022-05-16 09:00 GMT

കൊച്ചി:ട്വന്റി 20ക്കെതിരേ നടത്തിയ ആക്രമണങ്ങളില്‍ പി വി ശ്രീനിജിന്‍ എംഎല്‍എ മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ച് പി വി ശ്രീനിജിന്‍.ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണ് എന്ന ഫേസ് ബുക്ക് പോസ്റ്റാണ് വിവാദമായതോടെ പിന്‍വലിച്ചത്.സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന.

ട്വന്റി 20യോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി 20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പി വി ശ്രീനിജിന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് പി വി ശ്രീനിജിന്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

അതേസമയം പി വി ശ്രീനിജന്റെ 'കുന്നംകുളം മാപ്പിന്' മറുപടിയുമായി സാബു എം ജേക്കബ് രംഗത്തെത്തി. കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. മെയ് 31 ന് ശേഷം ഇതുവേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി.തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുള്ള സാബുവിന്റെ മറുപടിക്ക് പിന്നാലെയാണ് വിഷയത്തില്‍ സിപിഎം നേതൃത്വം ഇടപെട്ടതെന്നും സൂചനകളുണ്ട്.

ഇതാദ്യമായല്ല സാബു എം ജേക്കബും പി വി ശ്രീനിജനും നേര്‍ക്കുനേര്‍ വരുന്നത്. കിറ്റെക്‌സിലെ പരിശോധനകളെ ചൊല്ലി ഇരുവരും പലവട്ടം വാക്‌പോര് നടത്തിയിരുന്നു. പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ ആണെന്നും ശ്രീനിജന്‍ ട്വന്റി 20യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവര്‍ത്തിച്ചിരുന്നു.

Tags:    

Similar News