കുരുവിലശ്ശേരി കുന്നത്തുപാടം നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍
മാള: കുരുവിലശ്ശേരി കുന്നത്തുപാടം നിവാസികള്‍ കുടിവെള്ളത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കേണ്ടതായി വരുന്നതായി പരാതി. പൈപ്പിന്‍ ചുവട്ടിലാണ് കോളനി നിവാസികളുടെ ജീവിതം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടിവെള്ളം കിട്ടുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നാണിവര്‍ പറയുന്നത്. രാത്രി ഉറക്കം കളഞ്ഞാണ് പലപ്പോഴും പൈപ്പ് ചുരത്തുന്നതും കാത്തിരിക്കുന്നത്. വേനല്‍ക്കാലത്ത് മാള ഗ്രാമപഞ്ചായത്തിലെ കുരുവിലശ്ശേരി കുന്നത്തുപാടം കോളനിക്കാരുടെ അവസ്ഥ ഇതാണ്.
കോളനിയിലേക്ക് 17 ദിവസമെത്തുമ്പോഴാണ് ജലനിധി പൈപ്പില്‍ കുടിവെള്ളമെത്തുന്നത്. പൊതുകിണറില്‍ 20 കോല്‍ ആഴത്തില്‍ നിന്ന് തുടര്‍ച്ചയായി കോരിയെടുത്താല്‍ വെള്ളം കലങ്ങുന്ന നിലയിലാണ്. രാത്രിയായാലും പകലായാലും നൂലുപോലെ വെള്ളമെത്തിയാല്‍ തന്നെ ആയുസ്സ് രണ്ട് മണിക്കൂര്‍ മാത്രമായിരിക്കും.
എട്ട് വീട്ടുകാരാണ് കോളനിയിലുള്ളത്. കോളനിയിലെ ഏക പൊതുടാപ്പില്‍നിന്ന് പാത്രത്തില്‍ വെള്ളം പിടിച്ചുവേണം വീടുകളിലേക്കെത്തിക്കാന്‍. രാവിലെ വെള്ളം വന്നാല്‍ എല്ലാവരുടെയും പണി മുടങ്ങുന്ന അവസ്ഥയാണ്. വീടുകളിലേക്ക് വെള്ളം കിട്ടിയില്ലെങ്കിലും മാസം 70 രൂപ ജലനിധി വാങ്ങുന്നതിന് തടസ്സമൊന്നുമില്ല. ജല അതോറിറ്റി വെള്ളം നല്‍കിയിരുന്നപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം കുറഞ്ഞ നിരക്കില്‍ വെള്ളം ലഭിച്ചിരുന്നതാണ്. 365 ദിവസവും 24 മണിക്കൂറും വെള്ളം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് ജലനിധി പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ മാസത്തില്‍ രണ്ട് തവണ പോലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് കോളനിക്കാര്‍ പറയുന്നു.
ഇതേ വാര്‍ഡിലെ മധുരഞ്ചേരിപ്പാടം റോഡിലെ അഞ്ച് കുടുംബങ്ങളും സമാനമായ അവസ്ഥയിലാണുള്ളത്. എല്ലാവരും കോരിയാല്‍ കിണറിലെ വെള്ളം കലങ്ങുമെന്നും കോളനിയില്‍ താമസിക്കുന്ന സബിതാ ഷിബു പറയുന്നു. പൊയ്യ ഗ്രാമപഞ്ചായത്തില്‍ ഉപ്പുവെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.
കൃഷ്ണന്‍കോട്ട, പൊയ്യ, നാലുവഴി, ചെന്തുരുത്തി, കൊശവന്‍കുന്ന്, കഴിഞ്ചിത്തറ, അത്തിക്കടവ് എന്നീ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കടുത്ത വേനലിന് മുന്‍പ് തന്നെ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെയുള്ള കാത്തിരിപ്പിലാണ് ജലനിധി പദ്ധതിയിലെ കുടിവെള്ളമെത്തുന്നത്. വേനല്‍ കൂടുതല്‍ രൂക്ഷമായാല്‍ കുടിവെള്ളമെത്തുന്നത് രണ്ടാഴ്ച വരെ നീണ്ടുപോകുന്നതാണ് പതിവ്. കടുത്ത വേനലില്‍ ആറ് ദിവസത്തിലൊരിക്കലെങ്കിലും കുടിവെള്ളം ലഭിച്ചാല്‍ മതിയെന്നാണ് ആഗ്രഹമെന്ന് കൃഷ്ണന്‍കോട്ട സ്വദേശിയായ സിന്ധു സാബു പറഞ്ഞു.
300 മുതല്‍ 400 രൂപ വരെ നല്‍കിയാണ് 500 ലിറ്റര്‍ വെള്ളം ഈ മേഖലയിലുള്ളവര്‍ വാങ്ങുന്നത്. ജല അതോറിറ്റി ആയിരുന്നപ്പോള്‍ മാസം 21 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 70 രൂപ ആയിട്ടും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.