കുവൈത്തില്‍ ആഗസ്ത് ഒന്നു മുതല്‍ കുവൈത്ത് എയര്‍ വെയ്‌സ് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കും
ആദ്യ ഘട്ടത്തില്‍ 31 നഗരങ്ങളിലേക്കുള്ള പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലേ ഏഴ് നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഗസ്ത് ഒന്നു മുതല്‍ കുവൈത്ത് എയര്‍ വെയ്‌സ് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 31 നഗരങ്ങളിലേക്കുള്ള പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലേ ഏഴ് നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും. കൊച്ചിയിലേക്ക് ആഴ്ചയില്‍ ആറും തിരുവനന്തപുരത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ആഴ്ചയില്‍ നാലും സര്‍വീസുകളുമാണു ക്രമീകരിച്ചിരിക്കുന്നത്.
മുംബൈ, ഡല്‍ഹി, അഹമ്മദബാദ്, ചെന്നൈ, ബാംഗളൂര്‍, എന്നിവിടങ്ങളിലേക്കാണു ഇന്ത്യയിലേക്കും തിരിച്ചുമുള്ള മറ്റു സര്‍വീസുകള്‍. ദുബൈ, ദമാം, റിയാദ്, ജിദ്ദ, ദോഹ, ബഹറൈന്‍ , ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ നഗരങ്ങളിലേക്കും സര്‍വീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കുവൈത്തിലേക്ക് തിരിച്ചു വരുന്ന യാത്രക്കാര്‍ക്ക് അറ്റസ്റ്റ് ചെയ്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നത് അടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുവൈത്ത് വ്യോമയാന അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടത് അതാത് രാജ്യങ്ങളിലെ എംബസി വഴിയാണോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുമെന്നാണു സൂചന.
അതേസമയം കുവൈത്തില്‍ താമസ രേഖയുള്ള എല്ലാവര്‍ക്കും ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തേക്ക് തിരിച്ചു വരാന്‍ അനുമതി ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ജൂലായ് 31 വരെ അന്താരാഷ്ട്ര വിമാന സര്‍വീസിനു ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ഇനിയും നീണ്ടു പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ കഴിയുന്ന പ്രവാസികളുടെ തിരിച്ച് വരവ് വീണ്ടും അനിശ്ചിതത്തിലാകും.