കുവൈത്ത്: ഗള്‍ഫ് പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റിന് 10 ദീനാര്‍ ഫീസ്

Update: 2021-01-11 03:20 GMT
കുവൈത്ത് സിറ്റി : ഗള്‍ഫ് പൗരന്മാര്‍ക്ക് കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് പത്ത് കുവൈത്തി ദീനാര്‍ വീതം ഫീസ് ഈടാക്കാന്‍ കുവൈത്ത് തീരുമാനിച്ചു. ഇതടക്കം ഏഴു സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഈടാക്കാന്‍ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനിച്ചിട്ടുണ്ട്.


വാണിജ്യ, വ്യവസായ, സാമ്പത്തിക വികസന മന്ത്രി ഫൈസല്‍ അല്‍മുദ്‌ലജ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും 50 കുവൈത്തി ദീനാര്‍ വീതം പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നേരത്തെ മുതല്‍ ഫീസ് ഈടാക്കുന്നുണ്ട്.


തൊഴിലാളിയുടെ സ്റ്റാറ്റസ് സ്‌റ്റേറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റും തൊഴില്‍ ശ്രേണി സര്‍ട്ടിഫിക്കറ്റും അനുവദിക്കുന്നതിന് ഒരു ദീനാര്‍ വീതമാണ് ഫീസ് നല്‍കേണ്ടത്. തൊഴിലുടമ ഫയലിനായുള്ള ഒപ്പ് അംഗീകാര സര്‍ട്ടിഫിക്കറ്റിന് അഞ്ചു ദീനാര്‍ ഫീസ് നല്‍കണം. ഗള്‍ഫ് പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും പത്തു ദീനാര്‍ വീതം നല്‍കണം. നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും ഇതേ ഫീസ് അടക്കണം.





Tags:    

Similar News