സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും മാനവ വിഭവ ശേഷി സമിതി ഡെപ്യൂട്ടി ഡയരക്റ്റര്‍ ജനറല്‍ മുബാറക് അല്‍ ജഅഫര്‍ വ്യക്തമാക്കി.

Update: 2019-10-28 16:03 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡെപ്യൂട്ടി ഡയരക്റ്റര്‍ ജനറല്‍ മുബാറക് അല്‍ ജഅഫര്‍ വ്യക്തമാക്കി. സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികളിലേക്കും സന്ദര്‍ശക വിസ മാറ്റാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ അടക്കമുള്ള ആര്‍ട്ടിക്കിള്‍ 18 വിഭാഗത്തില്‍ പെട്ട തൊഴിലാളികളുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തവും മാനവ വിഭവ ശേഷി സമിതിയുടെതായിരിക്കും.

ഇത് താമസാനുമതി നിയമത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് ഗാര്‍ഹിക മേഖല, കുടുംബ വിസ, സര്‍ക്കാര്‍ സ്ഥാപനം, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പദ്ധതികള്‍ മുതലായ മേഖലകളിലേക്ക് വിസാ മാറ്റം അനുവദിച്ച് കൊണ്ട് ഈ മാസം 22നാണു ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍, ഉത്തരവ് സംബന്ധിച്ച് നിരവധി അവ്യക്തതകള്‍ നിലനിന്നിരുന്നു. പുതിയ നിയമപ്രകാരം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിസ മാറ്റം അനുവദിക്കും എന്നും പ്രചാരണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണു മാനവ വിഭവ ശേഷി സമിതി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, സന്ദര്‍ശ്ശക വിസയിലോ വിനോദ സഞ്ചാര വിസയിലോ രാജ്യത്ത് എത്തുന്ന ഭാര്യ, മക്കള്‍ എന്നിവരുടെ താമസാനുമതി കുടുംബ വിസയിലേക്ക് മാറ്റുന്നതിനു തടസ്സങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി അടക്കമുള്ള നിബന്ധന ഇവര്‍ക്കും ബാധകമായിരിക്കും. അതേപോലെ, സന്ദര്‍ശക വിസ ഗാര്‍ഹിക മേഖലയിലേക്കും മാറ്റാവുന്നതാണു. കൂടുതല്‍ ചെലവുകള്‍ കൂടാതെ സ്വദേശികള്‍ക്ക് ഗാര്‍ഹിക ജോലിക്കാരെ ലഭ്യമാക്കുക എന്നതാണു ഇത് കൊണ്ട് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേനെ വീട്ടു വേലക്കാരെ കൊണ്ടു വരുന്നതിനു നിലവില്‍ 1000 മുതല്‍ 1500 ദിനാര്‍ വരെയാണു സ്വദേശികള്‍ ചിലവഴിക്കേണ്ടി വരുന്നത്.

Tags:    

Similar News