മാള: ഏറെ തിരക്കുള്ള കുഴുര്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ പൊതുജങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതി. പബ്ലിക് നേഴ്‌സിന്റെയും ജൂനിയര്‍ പബ്ലിക് നേഴ്‌സിന്റെയും സ്റ്റാഫ് നേഴ്‌സിന്റെയും ഒഴിവുകള്‍ വന്നിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. ഗ്രാമപഞ്ചായത്തിലെ പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ ആയിരുന്ന ഇതിനെ കുടുംബാരോഗ്യമാക്കി ആര്‍ദ്രം പേരുനല്‍കി ഉയര്‍ത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഇങ്ങനെ ആര്‍ദ്രം നിലയിലേക്ക് ഉയര്‍ത്തുമ്പോള്‍ ഇവിടെ നാല് ഡോക്ടമാരുടെ സേവനം ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ ഇവിടെ രണ്ട് ഡോക്ടര്‍ മാത്രമാണ് ഉള്ളത്.
ജില്ലയിലെ തന്നെ ഏറ്റവും കുറവുള്ള ജീവനക്കാരുള്ള എഫ് എച്ച് സി ആയിട്ടും കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് ജില്ലയില്‍ അദ്യം പൂര്‍ത്തികരിച്ചതും ഈ കുഴുര്‍ എഫ് എച്ച് സി യാണ്. ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഉണ്ടായിട്ടും ഡി എം ഒ ഓഫിസിലേക്കോ കോവിഡ് കേന്ദ്രങ്ങളിലേക്കോ ജീവനക്കാരെ ആവശ്യം വന്നാല്‍ എപ്പോഴും വിളിപ്പിക്കുന്നതും കുഴുരില്‍ നിന്നുതന്നെ. ഇപ്പോള്‍ത്തന്നെ ആകെയുള്ള രണ്ട് ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഒരു ഡോക്ടറെ ചാലക്കുടി കൊവിഡ് കേന്ദ്രത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിക്കുകയാണ്. ദിനംപ്രതി 250 രോഗികളെക്കാള്‍ കൂടുതല്‍ രോഗികള്‍ എത്തുന്ന ഇവിടെനിന്നും ഡോക്ടറെ പിന്‍വലിച്ചത് ഗ്രാമപഞ്ചായത്തില്‍ തന്നെ ഏറെ പ്രതിക്ഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ഡി എം ഒ ഓഫിസില്‍ പ്രതിക്ഷേധ നടപടികള്‍ കൈക്കൊള്ളുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ അറിയിച്ചു.