കുംഭമേളക്കാലത്ത് ഉത്തരാഖണ്ഡില്‍ ലാബുകള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി റിപോര്‍ട്ട്; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2021-06-13 02:13 GMT
കുംഭമേളക്കാലത്ത് ഉത്തരാഖണ്ഡില്‍ ലാബുകള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി റിപോര്‍ട്ട്; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഡറാഡൂണ്‍: കൊവിഡ് വ്യാപനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നടന്ന കുംഭമേളക്കാലത്ത് ലബാറട്ടറികള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതായി റിപോര്‍ട്ട് പുറത്തുവന്നു. നിവധി സ്വകാര്യ ലാബുകള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍ികിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു.

ലോകത്തെത്തന്നെ ഏറ്റവും വലിയ മതാഘോഷമായ കുംഭമേള ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് നടന്നത്. ഹരിദ്വാര്‍, ഡറാഡൂണ്‍ തെഹ്രി ജില്ലകളില്‍ ലക്ഷക്കണക്കിനുപേരാണ് മേളയ്ക്കുവേണ്ടി എത്താറുള്ളത്. കൊവിഡ് സാഹചര്യത്തിലും നിരവധി ഭക്തര്‍ എത്തിയിരുന്നു.

ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ സൗരഭ ഗഹര്‍വാര്‍ അധ്യക്ഷനായ കമ്മിറ്റിയ്ക്കാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവം അന്വേഷിക്കുന്നതിനുള്ള ചുമതല. 15 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കര്‍ പറഞ്ഞു.

ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തിയതിന് ലാബുകള്‍ക്ക് നല്‍കാനുള്ള പണം സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു.

പല ലാബറട്ടറികളും നല്‍കിയത് വ്യാജ റിപോര്‍ട്ടാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യക്തികളുടെ ഐഡി കാര്‍ഡുകളും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് റാന്‍ഡം അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതായി കണ്ടെത്തിയത്.

ഒരു ലക്ഷത്തില്‍ കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നെന്നാണ് കരുതുന്നത്.

കുംഭ മേളകാലത്ത് 50,000 പരിശോധനകള്‍ വീതം നടത്താമെന്ന ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 22 ലാബുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

Tags:    

Similar News