കുംഭമേളയില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം: ലാബുകള്‍ക്കെതിരേ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേസെടുക്കുന്നു

Update: 2021-06-17 04:35 GMT

ന്യൂഡല്‍ഹി: കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഏപ്രില്‍ 1 മുതല്‍ 30 വരെ നീണ്ടുനിന്ന രാജ്യത്തെ ഏറ്റവും വലിയ മതാചാരങ്ങളിലൊന്നായ കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആരോപണം.

തെറ്റായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ഡല്‍ഹിയിലെയും ഹരിയാനയിലെയും ലാബുകളെ പ്രതിചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ 5 ഇടങ്ങളിലായാണ് കുംഭമേള തീര്‍ത്ഥാടകരെ പരിശോധിച്ചത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ പുറത്തുവിട്ട് ഏറെ കഴിയാതെ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ആര്‍ക്കെതിരേയും കേസെടുത്തിരുന്നില്ല.

പ്രതിദിനം 50,000 പരിശോധനകള്‍ നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നാണ് കരുതുന്നത്.

വിവാദം രൂപപ്പെട്ട സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതിന് നല്‍കാനുള്ള പണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

22 ലാബറട്ടറികള്‍ക്കായിരുന്നു പരിശോധന നടത്താനുള്ള ചുമതല.

Tags:    

Similar News