കുംഭമേള ചരിത്രത്തിലെ ഏറ്റവും വലിയ 'സൂപ്പര്‍ സ്‌പ്രെഡ്'; കൊവിഡ് വ്യാപനത്തിന് കാരണം മോദി സര്‍ക്കാരിന്റെ വീഴ്ച: ആഗോള ആരോഗ്യവിദഗ്ധന്‍ ഡോ. ആശിഷ് ഝാ

Update: 2021-05-07 10:52 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് അതിതീവ്ര വ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലോകത്തിലെ പ്രശസ്തമായ ആഗോള ആരോഗ്യവിദഗ്ധരില്‍ ഒരാളും ബ്രൗണ്‍ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡീനുമായ ഡോ. ആശിഷ് ഝാ. മോദി സര്‍ക്കാര്‍ സ്വന്തം ശാസ്ത്രജ്ഞരുടെ ഉപദേശവും മുന്നറിയിപ്പും അവഗണിച്ച് മുന്നോട്ടുപോയതാണ് കൊവിഡ് പ്രതിസന്ധിയുടെ ഇത്തരമൊരു അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൊവിഡ് രണ്ടാം തരംഗം സംബന്ധിച്ച് മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് മുഖവിലയ്‌ക്കെടുക്കാതെ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത കുംഭമേളയും രാഷ്ട്രീയ പരിപാടികളും നടത്തിയെന്നും ഇന്ത്യയിലെ ശാസ്ത്രസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രമുഖ ആരോഗ്യവിദഗ്ധനും സമാനപ്രതികരണം നടത്തിയിരിക്കുന്നത്. ദി വയറിന് വേണ്ടി ടെലിവിഷന്‍ അവതാരകന്‍ കരണ്‍ താപ്പര്‍ ഡോ. ആശിഷ് ഝായുമായി നടത്തിയ 35 മിനിറ്റ് അഭിമുഖത്തിലാണ് രോഗവ്യാപനം തടയുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ചകള്‍ തുറന്നുകാട്ടുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടന്ന കുംഭമേളയും പ്രധാന ചടങ്ങുകളിലൊന്നായ ഷാഹി സ്‌നാനവും ലോക ചരിത്രത്തിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി സൂപ്പര്‍ സ്‌പ്രെഡ് ആയി മാറിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് മൂന്ന് ദശലക്ഷമാളുകള്‍ കുംഭമേളയ്ക്ക് തടിച്ചുകൂടിയത്. ലോകത്തില്‍ത്തന്നെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിലേക്കുള്ള പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണമായത് ഇത്തരത്തിലുള്ള ചടങ്ങാണ്. കൊവിഡ് വ്യാപനം സംബന്ധിച്ച ഈ വിശദാംശങ്ങളോട് പ്രതികരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അധികാരത്തിലിരിക്കുന്ന ആളുകള്‍ ഇതിനോട് പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യ ഒരു വിശദീകരണത്തിന് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വലിയൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് നിലവില്‍ പുറത്തുവരുന്ന കൊവിഡ് കണക്കുകളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, അത്തരമൊരു ഗുരുതര സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ല. ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ ഉയരുമെന്നും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കീഴിലുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ റിപോര്‍ട്ട് നല്‍കിയത് മാര്‍ച്ചിലാണ്. എന്നാല്‍, മാര്‍ച്ച് ഏഴിന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത് കൊവിഡിനെതിരായ പോരാട്ടത്തിന്റെ അവസാന പാതയിലാണ് രാജ്യമെന്നാണ്. ഫെബ്രുവരിയില്‍ ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തിയെന്ന് ബിജെപി പ്രമേയം പാസാക്കി അവകാശപ്പെട്ടു.

ജനുവരിയില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കൊവിഡ് ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി സ്വയം മേനി നടിച്ചു. ഇപ്പോള്‍ കൊവിഡ് പ്രതിദിന കണക്ക് 4.12 ലക്ഷമായിരിക്കുകയാണ്. ഗുരുതരമായ അസുഖങ്ങളും മരണങ്ങളും വീണ്ടും ഉയരാനാണ് സാധ്യത. വൈറസിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസര്‍ കെ വിജയ് രാഘവന്റെ മുന്നറിയിപ്പിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഇത്തരമൊരു തരംഗത്തെക്കുറിച്ച് പ്രതീക്ഷിക്കേണ്ടതാണ്. എന്നാല്‍, രണ്ടാം തരംഗമുണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യ അതിനെ അവഗണിച്ചതാണ്. മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യ വൈറസിനെ പരാജയപ്പെടുത്തിയെന്ന അനുമാനത്തിലാണുള്ളത്. പ്രതിരോധ കുത്തിവയ്പ്പ് ശക്തമാക്കിയാല്‍ ഇന്ത്യയ്ക്ക് മൂന്നാം തരംഗം ഒഴിവാക്കാനാവും. ഇന്ത്യ ഇതിനകം തന്നെ 160 ദശലക്ഷത്തിന് മുകളില്‍ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്. 500 ദശലക്ഷം ആളുകള്‍ക്ക് ഇനിയും വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ടെവന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News