മഞ്ചേരി മെഡിക്കല്‍ കോളജില്‍ കിടക്കയില്ല; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് അയച്ച നാല് ഗര്‍ഭിണികളെ തിരിച്ചയച്ചു
ശനിയാഴ്ച ഉച്ചയോടെ പെരിന്തല്‍മണ്ണയില്‍ എത്തിച്ച ഇവരെ രാത്രിയോടെയാണ് തിരികെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത്.
പെരിന്തല്‍മണ്ണ: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കിടക്കയില്ലാത്തതിനാല്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് വിട്ട കൊവിഡ് ബാധിതരായ നാല് ഗര്‍ഭിണികളെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മടക്കി അയച്ചു. ശനിയാഴ്ച ഉച്ചയോടെ പെരിന്തല്‍മണ്ണയില്‍ എത്തിച്ച ഇവരെ രാത്രിയോടെയാണ് തിരികെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത്. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നാണ് അധികൃതരുടെ വാദം. മണിക്കൂറുകളോളമാണ് ഇവര്‍ക്ക് ആംബുലന്‍സില്‍ കഴിയേണ്ടി വന്നത്. മഞ്ചേരിയില്‍ 57 ഗര്‍ഭിണികളാണ് ശനിയാഴ്ചയുള്ളത്. പരമാവധി 50 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവുകയുള്ളൂ. ഒരു കട്ടിലില്‍ രണ്ടു പേര്‍ കിടക്കുന്ന സാഹചര്യവുമുണ്ട്. ഇനിയും ഗര്‍ഭിണികള്‍ എത്തിയാല്‍ തറയില്‍ കിടത്തേണ്ടിവരും. കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും ഒരേ മുറിയില്‍ കഴിയേണ്ടി വരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.