അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരം

Update: 2021-12-04 02:19 GMT

അഗളി: അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അട്ടപ്പാടി ബ്ലോക്കില്‍ 425 ഗര്‍ഭിണികളില്‍ 245 പേരും ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവരാണ്. അഗളി സാമൂഹികാരോഗ്യകേന്ദ്രം അട്ടപ്പാടിയിലെ 28 സബ് സെന്ററുകളില്‍ പരിശോധന നടത്തി ശേഖരിച്ച കണക്കിലാണ് ഈ കണ്ടെത്തല്‍.

ആദിവാസിവിഭാഗത്തിലെ 191 പേരും മറ്റുള്ളവരില്‍ 54 പേരുമാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. ഇതില്‍ 14 പേര്‍ അരിവാള്‍ രോഗികളായ ആദിവാസി വിഭാഗക്കാരാണ്. ഗര്‍ഭിണികള്‍ക്ക് 45 കിലോഗ്രാമെങ്കിലും തൂക്കം വേണമെന്നിരിക്കെ 45 കിലോഗ്രാമില്‍ കുറവുള്ള 97 ഗര്‍ഭിണികള്‍ അട്ടപ്പാടിയിലുണ്ട്. ഇതില്‍ 91 പേര്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണ്. രക്തക്കുറവുള്ള 139 ഗര്‍ഭിണികളില്‍ 115 പേര്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണ്.

അട്ടപ്പാടിയില്‍ ആദ്യമായാണ് ആദിവാസികളല്ലാത്ത ഗര്‍ഭിണികളുടെ കണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്. ആദിവാസി ശിശുമരണത്തിനോട് അനുബന്ധിച്ചാണ് ഗര്‍ഭിണികളുടെ കണക്കുകള്‍ പുറത്തുവരുന്നതെങ്കിലും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് അട്ടപ്പാടി കടന്നുപോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭിണികള്‍ നിലവില്‍ കോട്ടത്തറ ഗവ. െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്.

Tags:    

Similar News