ലഖിംപൂര്‍ ഖേരി: കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജയിലിനു പുറത്തേക്കുള്ള യാത്ര ഇങ്ങനെ

Update: 2022-02-15 14:00 GMT

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയില്‍മോചിതനായി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യം നല്‍കണം. 

മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലിലായിരുന്നു. 

ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസ്. 

ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആറ് കര്‍ഷകരും അറസ്റ്റിലായിരുന്നു.  



ലഖിംപൂര്‍ ഖേരി ടൈംലൈന്‍: 

ഒക്ടോബര്‍ 3, 2021 

ലഖിംപൂര്‍ ഗ്രാമത്തിലെ തികുനിയ ഗ്രാമത്തില്‍ പ്രതിഷേധക്കാനെത്തിയ കര്‍ഷകര്‍ക്കു നേരെ ഒരു എസ് യു വി ഓടിച്ചുകയറ്റി. സമയം പോലിസ് രേഖയില്‍ 2.30നും 3.30നും മധ്യേ. 

ഒക്ടോബര്‍ 4 2021

ലഖിംപൂര്‍ ഖേരിയില്‍ പോലിസിനെ വിന്യസിപ്പിച്ചു. ഇന്റര്‍നെറ്റ് സര്‍വീസ് വിച്ഛേദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രമുഖ രാഷ്ട്രീക്കാര്‍ക്ക് ഇരകളുടെ വീടുകളിലേക്ക് പ്രവേശനം വിലക്കി. 

ഒക്ടോബര്‍ 6 2021 

യുപിയില്‍ വ്യാപക പ്രതിഷേധം. ആശിഷ് മിശ്രക്കെതിരേ എഫ്‌ഐആര്‍. പ്രതിഷേധക്കാര്‍ക്കു നേരെ ഓടിച്ചുകയറ്റിയ കാറില്‍ മിശ്രയുണ്ടെന്നതിന് തെളിവ്. 

ഒക്ടോബര്‍ 9 2021 

മിശ്ര എസ്‌ഐടിക്കു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്തു. വൈകീട്ട് അറസ്റ്റ് ചെയ്തു. 

ഒക്ടോബര്‍ 12 2021 

മിശ്ര മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍.

ഒക്ടോബര്‍ 13 2021

സിജെഎം ചാമ്യം നിഷേധിച്ചു.

ഒക്ടോബര്‍ 21 2021

മിശ്ര വീണ്ടും ജാമ്യാപേക്ഷ നല്‍കി, ഒക്ടോബര്‍ 28ന് ഹിയറിങ്.

ഒക്ടോബര്‍ 24 2021

മിശ്ര ലഖിംപൂര്‍ ഖേരി ജില്ലാ ആശുപത്രിയില്‍, ഡെങ്കു ബാധിച്ചു.

ഒക്ടോബര്‍ 26 2021

മിശ്ര ജയിലില്‍ തിരിച്ചെത്തി. ആശുപത്രിയില്‍ മിശ്ര കഴിഞ്ഞത് വിലങ്ങില്ലാതെയെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോ വൈറല്‍.

ഒക്ടോബര്‍ 28 2021

ജില്ലാ ജഡ്ജിക്കുമുന്നില്‍ ജാമ്യാപേക്ഷ. ഹരജി പരിഗണിക്കുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി.

നവംബര്‍ 3, 2021

കേസ് കേള്‍ക്കുന്നത് നവംബര്‍ 15ലേക്ക് മാറ്റി.

നവംബര്‍ 15, 2021

ജില്ലാ ജഡ്ജി ജാമ്യാപേക്ഷ തള്ളി.

നവംബര്‍ 29, 2021

അലഹബാദ് ഹൈക്കോടതിയിലേക്ക്. യുപി സര്‍ക്കാരിനോട് ഡിസംബര്‍ 10നകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 14, 2021

ലഖിംപൂര്‍ സംഭവം ആസൂത്രിതമെന്ന് എസ്‌ഐടി കോടതിയില്‍.

ജനുവരി 3, 2022

എസ്‌ഐടി 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 14 പേര്‍ പ്രതികള്‍. മിശ്ര പ്രധാന പ്രതി.

ജനുവരി 18, 2022

അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു.

ഫെബ്രുവരി 10, 2022

അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോലിസ് നല്‍കിയ പല തെളിവുകളും കോടതി ചോദ്യം ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരേ വെടിയുതിര്‍ത്തെന്ന ആരോപണവും ചോദ്യം ചെയ്തു.

ഫെബ്രുവരി 15, 2022

മിശ്ര ജയില്‍ മോചിതനായി.




Tags:    

Similar News